കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായതോടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇനിയും പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ആയത്. എറണാകുളം തേവര സ്വദേശിയാണ് ബിന്ദു സെബാസ്റ്റ്യന്‍. മികച്ച ചികിത്സയും പരിചരണവും നല്കിയ ആരോഗ്യ വകുപ്പിനും എറണാകുളം മെഡിക്കല്‍ കോളേജിനും ബിന്ദു നന്ദി പറയുന്നു.
യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിന് ശേഷം നടന്ന സ്രവപരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന്‍ രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: