കണ്ണൂര്‍: സിപിഎമ്മിന് കോടതി സംവിധാനമുണ്ടെന്നും പാര്‍ട്ടി ഒരേസമയം കോടതിയും പോലീസുമാണെന്നുമുളള സംസ്ഥാന വനിത കമ്മീഷന് ചെയര്പേഴ്സന് എം.സി. ജോസഫൈന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് അവരുടെ കേരള ശൈലി. ഇതുവഴി പാര്‍ട്ടിയും ഇടതു സര്‍ക്കാരുകളും മുക്കിയത് അനവധി, കൊലപാതക, പീഡനക്കേസുകളാണ്. പോലീസ് അന്വേഷിച്ച് കോടതി തീര്‍പ്പാക്കേണ്ട ഗുരുതരമായ കേസുകളാണ് ഇങ്ങനെ നിസാരമായി മുക്കിയത്.
പാര്ട്ടിക്കാര് പ്രതികളായ കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ആദ്യം പാര്‍ട്ടി അന്വേഷിക്കുമെന്നതാണ് സിപിഎം പതിവ്. ഇരകളെ തള്ളിപ്പറയും, കുറ്റം ചെയ്യുന്ന പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വെളളപൂശും. പരാതിക്കാരെ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കും, പോലീസ്-നിയമ സംവിധാനങ്ങളില്‍ പരാതികളെത്തിക്കാതെ മൂടിവച്ച് തേച്ചുമാച്ച് കളയും. ഈ സത്യമാണ് ജോസഫൈന്റെ വാക്കുകളില്‍ തെളിഞ്ഞത്.
കണ്ണൂര്‍ പാനൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചതും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയതും സിപിഎമ്മിലെ പോലീസും കോടതിയുമായിരുന്നു. തളിപ്പറമ്പില്‍ ലീഗുകാരനായിരുന്ന അരിയില്‍ ഷുക്കൂറിനെ പ്രവര്‍ത്തകരും നേതാക്കളുമടങ്ങിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി വിചാരണ നടത്തിയാണ് പട്ടാപ്പകല്‍ കൊന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ന്ന നിരവധി സാമ്പത്തിക പരാതികളിലും പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്തി കുറ്റക്കാരെ സംരക്ഷിച്ചു. ഇരകളായ പാര്‍ട്ടിക്കകത്തുള്ളവരെയും പുറത്തുളളവരെയും ഒരു പോലെ തള്ളിപ്പറഞ്ഞു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകയായ സ്ത്രീയുയര്‍ത്തിയ ലൈംഗിക പീഡന പരാതി ആദ്യം അന്വേഷിച്ച് ഒതുക്കി. പരാതക്കാരില്‍ ഒരാള്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചു. ഷൊര്‍ണ്ണൂര്‍ എംഎല്‍എയായ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ വനി
താ നേതാവ് ലൈംഗിക പീഡന പരാതി ഉന്നിയിച്ചപ്പോള്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകയോട് നേതാവിന് യോജിക്കാത്ത രീതിയില്‍ സംസാരിച്ചുവെന്ന് മാത്രം കണ്ടെത്തി അത് അവസാനിപ്പിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ശശി പിന്നീട് സിപിഎമ്മില്‍ സജീവമായി. ശശി അഴിയെണ്ണേണ്ട കുറ്റമാണ് ഇല്ലാതാക്കിയത്. എറണാകുളത്ത് സെക്രട്ടറിയുടെ ലൈംഗിക ചെയ്തികള്‍ റെക്കോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പിടിയിലായ സംഭവവും ഒതുക്കി.
ഏറ്റവുമൊടുവില്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി സിപിഎം ഏരിയ കമ്മിറ്റിയംഗം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. കേസും പൊല്ലാപ്പുമായി മാറേണ്ട പരാതിയും മുക്കി. ചെര്‍പ്പുളശേരിയില്‍ വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയും ഇങ്ങനെ മുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: