പരപ്പനങ്ങാടി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പറയുമ്പോഴും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലം അംബേദ്കര്‍ കോളനിയിലെ സൂര്യമോളുടെ പഠനം ഓഫ്ലൈനില്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമ്പോള്‍ ട്യൂഷന് പോലുമില്ലാത്ത ഈ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വിഷാദത്തിലാണ്.
വൈദ്യുതീകരിക്കാത്ത ഒറ്റമുറി വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഒന്നുമില്ല. ആകെയുള്ളത് അമ്മ സുനിതയുടെ ഒരു പഴയ ഫോണ്‍. ഡിസ്പ്ലേ പൊട്ടിയതിനാല്‍ അതും പ്രവര്‍ത്തനരഹിതം. പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വി.കെ. സൂര്യ.
കഴിഞ്ഞയാഴ്ച സ്കൂളില്‍ നിന്ന് വീട്ടില്‍ ടിവിയുണ്ടോയെന്ന് ചോദിച്ച് വിളിച്ചതല്ലാതെ മറ്റ് അന്വേഷണങ്ങളൊന്നുമായിട്ടില്ല. കൂലിപ്പണിക്കാരനായ അച്ഛന് വാസു രോഗബാധിതനായി വീട്ടിലിരിക്കെ അമ്മ മറ്റ് വീടുകളില്‍ പണി ചെയ്താണ് കുടുംബവും സൂര്യമോളുടെ വിദ്യാഭ്യാസവും നോക്കുന്നത്. അയല്‍വീട്ടില്‍ നിന്ന് സംഘടിപ്പിച്ച പഴയ പാഠപുസ്തകം വായിച്ച് ഓണ്‍ലൈന്‍ പഠിതാക്കളുടെ ഒപ്പമെത്താന്‍ ശ്രമിക്കുകയാണ് സൂര്യമോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: