തിരുവനന്തപുരം: പാലോട് റേഞ്ചില്‍പ്പെടുന്ന പന്നിയോട്ട് കടവ് പ്രദേശങ്ങളില്‍ ഒറ്റയാന് ശല്യം രൂക്ഷം. കൃഷിയിടങ്ങള്‍ തുടങ്ങി വനവാസികളുടെ കുടിലുകള്‍ വരെ ഒറ്റയാന്റെ ആക്രമണത്തിന് വിധേയമാകുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നോ ഫോറസ്റ്റ് അധികൃതരില്‍ നിന്നോ യാതൊരു സുരക്ഷാ നടപടികളും ഉണ്ടാകുന്നില്ലായെന്നാണ് ആക്ഷേപം.
പെരിങ്ങമല പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെടുന്ന പന്നിയോട്ട് കടവ്, ഒരുപറ, പേത്തല സെറ്റില്‍മെന്റ്വനവാസി കോളനികളിലാണ് ഒറ്റയാന് ആക്രമണം രൂക്ഷമായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് പന്നിയോട്ട് കടവ് കൊച്ചുവിള അഗ്രിഫാമിന് സമീപം പുഷ്പാംഗദന് കാണിയുടെ കുടില്‍ ഒറ്റയാന് ഇടിച്ച് തകര്‍ത്തു.
പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ആദ്യ ആക്രമണം. പുഷ്പാംഗദനും കുടുംബവും കുടിലിനുള്ളിലായിരുന്നു. ആനയുടെ ആക്രമണം കണ്ട് ഭയന്ന് കുടിനുള്ളില് ഒതുങ്ങുകയല്ലാതെ രക്ഷപ്പെടാനുള്ള മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് രാവിലെ 11നും വൈകിട്ടും ആനയുടെ ആക്രമണമുണ്ടായതായി പുഷ്പാംഗദന് കാണി പറഞ്ഞു. പതിനൊന്ന് മണിക്ക് കുടുംബത്തെ അകലെ മാറിയുള്ള മറ്റൊരു കുടിലിലാക്കിയ ശേഷം വീടിന്റെ തകര്‍ന്ന ഭാഗത്ത് നിന്നും മണ്‍കട്ടകളെടുത്ത് മാറ്റുന്നതിനിടെയാണ് ആന ആക്രമാസക്തനായി എത്തിയത്.
ഈ സമയം ആനയെ കണ്ട് ഓടിമറഞ്ഞതുകൊണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയ്യാളുടെ കുടിലിന്റെ വശങ്ങള് ആന തകര്‍ത്തതിന് പുറമെ വാഴ, മരച്ചീനി കൃഷിയിടങ്ങളും നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെത്തിയെങ്കിലും വീടിന്റെ തകര്‍ന്ന ഭാഗം കണ്ടു മടങ്ങുകയല്ലാതെ മറ്റൊന്നും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരേയും വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി അവര്‍ക്കുമില്ല.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് രണ്ട് മക്കളുമൊത്താണ് പുഷ്പാംഗദന് കാണി ഇവിടെ കഴിയുന്നത്. ഇരു മക്കളില്‍ മകള്‍ മാനസിക രോഗിയാണ്. ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ മകള്‍ പുറത്തിറങ്ങിപ്പോകുന്നതു കാരണം ഇവിടെ കൃഷി നടത്തിയാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. ആനയുടെ ആക്രമണങ്ങളെ തുടര്‍ന്ന് കൃഷി ചെയ്യുന്നതിനും തടസ്സം ഉണ്ടായിരിക്കുകയാണ്. അതേസമയം ഇവിടങ്ങളിലെ ഒറ്റയാന് ശല്യം പതിവ് സംഭവമാണെന്നാണ് പറയുന്നത്. ഏത് നിമിഷവും ആനയുടെ ആക്രമണമുണ്ടാകാവുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആനയ്ക്ക് പുറമെ കാട്ടുപോത്തുകളുടെ ശല്ല്യവും ഇവിടെയുണ്ട്.
ഇതേസാഹചര്യത്തില്‍ സാമൂഹ്യ നീതി വകുപ്പിന്റെ 29-ാം നമ്പര്‍ അംഗനവാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വനവാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷണമൊരുക്കുന്ന വിധത്തില്‍ സുരക്ഷാവേലി കെട്ടണമെന്ന വനവാസികളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സുരക്ഷാവേലി കെട്ടാമെന്നത് അധികൃതരുടെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഇതോടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളുണ്ടാകുന്ന ഓരോ പ്രാവശ്യവും ഫോറസ്റ്റിലും പഞ്ചായത്തിലും അറിയിക്കുകയെന്നത് ചടങ്ങായി മാറിയിരിക്കുകയാണെന്ന് വനവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: