തിരുവനന്തപുരം: അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഇടിഞ്ഞ് വീഴാറായ വീട്ടില്‍ എങ്ങനെ അന്തിയുറങ്ങുമെന്നറിയാതെ, സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും കിട്ടാതെ നിരവധി കുടുംബങ്ങള്‍ പിഞ്ചുമക്കളേയും നെഞ്ചോട് ചേര്‍ത്ത് വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായവുമായി എത്തിയത് സേവാഭാരതി മാത്രം.
കഴിഞ്ഞ ഒന്നിന് രാത്രിയാണ് ജില്ലയില്‍ അതിശക്തമായ മഴ ആരംഭിച്ചത്. ഹൈവേയ്‌ക്ക് സമീപം മുട്ടത്തറയിലും സമീപ പ്രദേശങ്ങളിലും ഇതേ തുടര്‍ന്ന് വെള്ളം കയറി. സജീവന്‍ നഗറില്‍ നൂറോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. നാല് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളം കയറിയ മിക്ക വീടുകളിലും താമസക്കാരുടെ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി വീട് സാധനങ്ങള്‍ വരെ നഷ്ടപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് സിപിഎം കൗണ്‍സിലര്‍ മഞ്ജുവിനേയും നഗരസഭ മറ്റ് അധികൃതരേയും വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായില്ല. എന്നാല്‍ വെള്ളം പ്രദേശങ്ങളില്‍ നിറഞ്ഞയുടനെ എത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റേയോ നഗരസഭയുടേയോ ഊഴം കാക്കാതെ വെള്ളത്തില്‍ മുങ്ങിയ വീടുകളിലുള്ളവരെ സുരക്ഷിതമാക്കി രക്ഷാ പ്രവര്‍ത്തനം നടത്തുകയാണുണ്ടായത്.
പതിനേഴ് കുടുംബങ്ങളെ പൊന്നറയിലെ സേവാഭാരതിയുടെ നിയന്ത്രണത്തിലുള്ള സ്‌ക്കൂളില്‍ മാറ്റി പാര്‍പ്പിച്ചു. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും സേവാഭാരതിയാണ് നല്‍കിവരുന്നത്. കഴിഞ്ഞ 5 ദിവസമായി ക്യാമ്പ് തുടരുകയാണ്. ചിലയിടങ്ങളില്‍ വെള്ളം താഴ്ന്നതോടെ ക്യാമ്പില്‍ നിന്നും ചിലര്‍ ഇന്നലെ വീടുകളിലേയ്‌ക്ക് തിരിച്ചു പോയി. ഇപ്പോള്‍ എട്ട് കുടുംബഗങ്ങളിലായി കുട്ടികളും വൃദ്ധരുമുള്‍പ്പെടെ 20 ഓളം പേര്‍ ക്യാമ്പില്‍ കഴിയുകയാണ്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ലായെന്ന് ക്യാമ്പ് അഭയാര്‍ത്ഥിയായ കുമാരി പറഞ്ഞു. വീടുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ ഓടയിലേയ്‌ക്ക് ഒഴുക്കിവിടാന്‍ പോലും ആരും എത്തിയില്ല. മുട്ടത്തറ വില്ലേജ് ഓഫീസറും വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ നാട്ടുകാര്‍ ശേഖരിച്ച തുകയിലാണ് സ്വകാര്യ വ്യക്തിയില്‍ നിന്ന് മോട്ടോര്‍ വാടകയ്‌ക്കെടുത്ത് വെള്ളം പമ്പ് ചെയ്യുന്നതെന്ന് കുമാരി വ്യക്തമാക്കി. എന്നാല്‍ വെള്ളക്കെട്ടില്‍ വീടുകളിലെ ഡ്രെയിനേജ് ടാങ്കുകളും പൊട്ടിയൊലിക്കുന്നത് കാരണം പകര്‍ച്ചവ്യാധി ഭീതിയും നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: