കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരെ അതിര്‍ത്തി കടക്കാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടും ദക്ഷിണ കന്നട ജില്ലാ ഭരണകൂടം പാസ് അനുവദിക്കാതെ ദുരിതത്തിലാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ആരോപിച്ചു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു രൂപേഷ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗത്തിനായി ദക്ഷിണ കന്നട ജില്ലയിലേക്ക് പോകാന്‍ നല്കിയ അപേക്ഷകള്‍ അനുവദിക്കുന്നതില്‍ ദക്ഷിണ കന്നഡ ജില്ലാഭരണകൂടം ബോധപൂര്‍വ്വമായ കാലതാമസം വരുത്തൂകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടുകയാണ്.
കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ബിജെപി കാസര്‍കോട് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് പാസ് ആവശ്യമില്ലെന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ചുവടുപിടിച്ച് കര്‍ണാടക ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ദുരന്തനിവാരണ നിയമത്തിന്റെയും ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ദക്ഷിണ കന്നട ജില്ലാ ഭരണകൂടം സൂപ്പര്‍ സര്‍ക്കാര്‍ ചമയുകയാണെന്ന് ബിജെപി ആരോപിച്ചു.
ചികിത്സയ്ക്കും ഉദ്യോഗത്തിനും ദിവസവും വ്യാപാരത്തിനും വേണ്ടി കാസര്‍കോട് നിന്ന് പോകുന്നവരെ ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കയച്ച കത്തില്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: