കേരളത്തില്‍ അഭിഭാഷകരുടെ ക്ഷേമത്തിനായി രൂപീകരിച്ച നിധി മറ്റൊരു വെള്ളാനയായി മാറിയിരിക്കുകയാണ്. ക്ഷേമ നിധിയിലെ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിന്യായം ചര്‍ച്ച വീണ്ടും സജീവമാക്കി.
അഭിഭാഷകര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും മറ്റും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 1980ലാണ് കേരള അഭിഭാഷക ക്ഷേമനിധി നിയമം നിലവില്‍ വന്നത്. ക്ഷേമനിധി നിയമം നാലാം വകുപ്പനുസരിച്ച് നടത്തിപ്പ് ചുമതല ട്രസ്റ്റി കമ്മറ്റിക്കാണ്. അഡ്വക്കേറ്റ് ജനറല്‍, കേരള നിയമ സെക്രട്ടറി, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരംഗം, കേരള ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍, ബാര്‍ കൗണ്‍സില്‍ ട്രഷറര്‍, സെക്രട്ടറി, കേരള ബാര്‍ ഫെഡറേഷന് പ്രസിഡന്റ് എന്നിവരാണ് ട്രസ്റ്റി കമ്മിറ്റി അംഗങ്ങള്‍. നിധിയുടെ ചെയര്മാന്, ട്രഷറര്‍, സെക്രട്ടറി എന്നിവര്‍ യഥാക്രമം അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സില്‍ ട്രഷററും ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.
ക്ഷേമനിധിയുടെ പ്രധാന വരുമാന സ്രോതസ്സ് എന്റോള്‍മെന്റ് ഫീസിനത്തില്‍ ബാര്‍ കൗണ്‍സിലിന് ലഭിക്കുന്ന ഫീസിന്റെ 20 ശതമാനവും, കോര്‍ട്ട് ഫീസ് നിയമത്തിലെ 76-ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഈടാക്കുന്ന ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ നിന്നുള്ള വിഹിതവും അഭിഭാഷകര്‍ വക്കാലത്തില്‍ ഒട്ടിക്കുന്ന വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പിനത്തിലുള്ള വരവും ക്ഷേമനിധി അംഗങ്ങള്‍ വര്‍ഷംതോറും അടയ്ക്കുന്ന വാര്‍ഷിക വരിസംഖ്യയും (എല്ലാ അഭിഭാഷകരും ക്ഷേമ നിധിയില്‍ അംഗങ്ങളല്ല, അഭിഭാഷകരുടെ സീനിയോറിറ്റി അനുസരിച്ച് വരിസംഖ്യ വ്യത്യാസപ്പെടും) ആണ്. നിലവില്‍ ക്ഷേമനിധിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരംഗത്തിന് ഇപ്പോള്‍ ലഭിക്കാവുന്ന പരമാവധി തുക 10 ലക്ഷം രൂപയാണ്.(ക്ഷേമനിധി തുക ഏതെങ്കിലും സാഹചര്യത്തില്‍ കൈപ്പറ്റിയാല്‍ പിന്നീട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാവില്ല. പ്രാക്ടീസ് ചെയ്യണമെങ്കില്‍ കൈപ്പറ്റിയ തുക 12 ശതമാനം പലിശയോടെ തിരിച്ചടയ്ക്കണം).
ഈ നിധിയില്‍ നിന്ന് ഏകദേശം 10 കോടി രൂപയോളമാണ് തിരിമറി നടത്തിയത്. വര്‍ഷാവര്‍ഷം നിയമാനുസരണം നടത്തേണ്ട ഓഡിറ്റ് 2007 മുതല്‍ 2017 വരെ നടത്തിയിട്ടില്ല. ക്ഷേമനിധി നിയമം പത്താം വകുപ്പിലെ നാലാം ഉപവകുപ്പില്‍ ട്രസ്റ്റി കമ്മറ്റിയുടെ അക്കൗണ്ട് ബാര്‍ കൗണ്‍സില്‍ നിയമിക്കുന്ന ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെക്കൊണ്ട് വര്‍ഷാവര്‍ഷം നിര്‍ബന്ധമായും ഓഡിറ്റിങ് നടത്തിയിരിക്കണമെന്നും ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റോട് കൂടി റിപ്പോര്‍ട്ട് ബാര്‍ കൗണ്‍സിലിന് അയക്കണമെന്നും(ഉപവകുപ്പ് 5) നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. അതു ലംഘിച്ചു തട്ടിപ്പിന് കളമൊരുക്കിയത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന ട്രസ്റ്റി കമ്മിറ്റിയും ബാര്‍ കൗണ്‍സിലുമാണ്. 2017ലെ അഡ്ഹോക്ക് കമ്മിറ്റിയുടെ സമയത്താണ് ഈ സാമ്പത്തിക തട്ടിപ്പിന്റെ വിവരം പുറത്തു വരുന്നത്.
ബാങ്കില്‍ അടയ്ക്കേണ്ട തുക പൂര്‍ണമായി അടയ്ക്കാതെ, അടച്ചതിനേക്കാള്‍ ഭീമമായ തുക അക്കൗണ്ടിലെഴുതി ചേര്‍ത്തു എന്നാണ് അന്വേഷണത്തില്‍ വെളിവായത്. ഉദാഹരണത്തിന് 5,18,058 രൂപ നിധിയുടെ അക്കൗണ്ടിലേക്കടയ്ക്കാന് ബാങ്കില്‍ കൊണ്ടുപോയാല്‍ സ്ലിപ്പില്‍ 58 രൂപ എന്നെഴുതി 58 രൂപ അടച്ച് ലഭിക്കുന്ന ബാങ്ക് സീല്‍ വച്ച കൗണ്ടര്‍ ഫോയിലില്‍ 58ന്റെ ഇടത് വശത്തായി 5,18,0 കൂടി എഴുതി ചേര്‍ത്ത് 5,18,058 രൂപ ബാങ്കിലടച്ചതായി കണക്കില്‍ കൊള്ളിക്കും. യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് 58 രൂപ വരുമ്പോള്‍ തട്ടിപ്പുകാരുടെ പോക്കറ്റിലേക്ക് 5,18,000 രൂപ പോകും. ഈ വിവരം 2018 ജനുവരി മൂന്നാം തിയതി വച്ച് ബാര്‍ കൗണ്‍സിലില്‍ നിന്നു നല്കിയ വിവരാവകാശ രേഖയില്‍ പറഞ്ഞിട്ടുണ്ട്. 2012 ജൂണ്‍ 29 മുതല്‍ 2013 ജൂണ്‍ 27 വരെ ഇത്തരത്തില്‍ 12 ഇടപാടുകളിലായി മാത്രം എട്ട് ലക്ഷത്തി പതിനാറായിരം രൂപ തട്ടിച്ചു എന്നാണ് വിവരാവകാശ രേഖയില്‍ പറഞ്ഞിട്ടുള്ളത്. 2011-12 കാലത്ത് മാത്രം 15,03,572.30 രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നും പ്രസ്തുത രേഖയില്‍ പറയുന്നു. മുഴുവന്‍ ഓഡിറ്റിങ് വിവരങ്ങളും ബാര്‍ കൗണ്‍സില്‍ പുറത്ത് വിട്ടിട്ടില്ല.
അഭിഭാഷക ക്ഷേമനിധിയിലെ ഈ സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദി ആ കാലഘട്ടത്തില്‍ ട്രസ്റ്റി കമ്മിറ്റിയിലും ബാര്‍ കൗണ്‍സിലിലും ഭൂരിപക്ഷമുണ്ടായിരുന്ന ഇടതുപക്ഷമാണ്. ട്രസ്റ്റി കമ്മിറ്റി സെക്രട്ടറി കൂടിയായ ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ട്രസ്റ്റി കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയില്‍ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാനും അതിന്റെ മിനിറ്റ്സ് രേഖപ്പെടുത്താനും ചുമതലപ്പെട്ടയാളാണ്. എന്നിട്ടും സെക്രട്ടറിയും ട്രഷററും ട്രസ്റ്റി കമ്മിറ്റി അംഗങ്ങളും ഒക്കെ സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ്് ബാര്‍ കൗണ്‍സില്‍ ഓഫീസിലെ വെറുമൊരു കണക്കപിള്ളയുടെ മേലാണ് എല്ലാ ഉത്തരവാദിത്തങ്ങളും കെട്ടിവച്ചിട്ടുള്ളത്.
ക്ഷേമ നിധിയുടെ ബാങ്ക് പാസ്സ് ബുക്ക് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു നിധിയില്‍ നടന്ന തട്ടിപ്പ്. ക്ഷേമനിധി അക്കൗണ്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് പേരിനൊരു കുറ്റാരോപണ മെമ്മോ കൊടുക്കുകയും, ബാര്‍ കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അന്വേഷണ പ്രഹസനം നടത്തി കുറ്റവിമുക്തനാക്കി ജോലിയില്‍ തിരികെ എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തത് ഇതു മൂലമാണ്. സിപിഎം അഭിഭാഷക സംഘടനയായ എഐഎല്‍യുവിന്റെ ഭാരവാഹിയായിരുന്ന ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയെ തിരിച്ചെടുത്തത് സിപിഎം, സിപിഐ നിയന്ത്രണത്തിലുള്ള ബാര്‍ കൗണ്‍സിലാണ്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നടക്കുന്ന വിജിലന്‍സ് അന്വേഷണ പരിധിയില്‍ തട്ടിപ്പ് നടന്ന കാലഘട്ടത്തിലെ ട്രസ്റ്റി കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.
ക്ഷേമനിധി തട്ടിപ്പിനെ കുറിച്ച് പരാതികള്‍ ഉയര്‍ന്നപ്പോഴാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. സമിതി അന്വേഷണത്തിനായി കേരളത്തിലെത്തിയ ദിവസം ബാര്‍ കൗണ്‍സില്‍ ഓഫീസ് അടച്ചിട്ട് അന്വേഷണവുമായി നിസ്സഹകരിച്ചു എന്നു മാത്രമല്ല, പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്ന രേഖകളൊക്കെ വിജിലന്‍സ് അന്വേഷണത്തിന്റെ പേര് പറഞ്ഞ് മാറ്റുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപ്പെടുന്നത് തടയുന്നതിനാണ് ഇപ്പോഴത്തെ ബാര്‍ കൗണ്‍സില്‍ അംഗവും ഓഡിറ്റിങ് നടക്കാത്ത കാലഘട്ടത്തിലെ ട്രസ്റ്റി കമ്മിറ്റി അംഗവുമായ ഇടതുപക്ഷ നേതാവ് കേരള ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കധികാരമുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതാണെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടതോടെ, തട്ടിപ്പ് മൂടിവയ്ക്കാനുള്ള ചിലരുടെ ശ്രമം വിഫലമായി.
നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപ ആരില്‍ നിന്ന് ഈടാക്കും? നിലവിലുള്ള അന്വേഷണത്തില്‍ ഈ തുക കണ്ട് കിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ല. പ്രതിസ്ഥാനത്ത് നില്ക്കുന്ന കണക്കപ്പിള്ളയുടെ കൈയ്യില്‍ നിന്ന് ഒന്നും തന്നെ ഈടായി കിട്ടാനുമിടയില്ല. തട്ടിപ്പ് നടന്ന കാലത്തെ ട്രസ്റ്റി കമ്മിറ്റി അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരികയും നഷ്ടപ്പെട്ട തുക അവരില്‍ നിന്നു തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. അഴിമതിക്ക് കൂട്ട് നില്ക്കുന്നതും അഴിമതിക്ക് കളമൊരുക്കുന്നതും അഴിമതിക്കാരെ സംരക്ഷിക്കുന്നതും അഴിമതി തന്നെയാണല്ലോ.
ക്ഷേമനിധി അംഗങ്ങള്‍ക്ക് ഫോട്ടോ പതിച്ച പാസ്സ്ബുക്ക് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിനുള്ള രേഖകള്‍ സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടില്ല. ബാര്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് അഴിമതിക്ക് കളമൊരുക്കിയത്. 10 വര്‍ഷം ക്ഷേമനിധി ഓഡിറ്റിങ്ങിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ബാര്‍ കൗണ്‍സില്‍ നിയമിക്കാതിരുന്നതാണ് 10 കോടിയുടെ തട്ടിപ്പിന് വഴിവച്ചത്.
അഡ്വ: ആര്. രാജേന്ദ്രന്
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറിയാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: