കണ്ണൂര്‍: മലബാര്‍ മേഖലയിലെ കശുവണ്ടി കര്‍ഷകരെ പ്രതിസന്ധിയിലാക്കി സഹകരണ ബാങ്കുകള്‍. കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരില്‍ കശുവണ്ടി സംഭരണം നടത്തിയ സഹകരണ ബാങ്കുകള്‍ ജൂണ്‍ മാസമായിട്ടും പണം നല്‍കാത്തത് ആയിരക്കണക്കിന് കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് സഹകരണ ബാങ്കുകള്‍ കശുവണ്ടി സംഭരിച്ചത്. ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കശുവണ്ടി സംഭരിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയപ്പോഴാണ് സഹകരണ ബാങ്കുകള്‍ സംഭരണവുമായി രംഗത്തിറങ്ങിയത്. തൂക്കത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കട്ടിങ് ഏര്‍പ്പെടുത്തിയാണ് സംഭരണം നടത്തുന്നത്. സംഭരിച്ച ടണ്‍കണക്കിന് കശുവണ്ടി വിറ്റഴിക്കാനാവാതെ ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ നടപടി ഗുണകരമാകുമെന്നാണ് പ്രതീക്ഷിച്ചത്.
കശുവണ്ടി വികസന കോര്‍പറേഷനാണ് സഹകരണ ബാങ്കുകളില്‍ നിന്ന് കശുവണ്ടി വാങ്ങിയത്. തൂക്കവും തുകയും രേഖപ്പെടുത്തിയ റസീറ്റ് നല്കിയ ശേഷം പണം പിന്നീട് നല്‍കുമെന്നായിരുന്നു ബാങ്ക് അധികൃതര്‍ കര്‍ഷകരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് നിരവധി തവണ ബന്ധപ്പെട്ടിട്ടും കശുവണ്ടി വികസന കോര്‍പറേഷനില്‍ നിന്ന് തുക ലഭിച്ചില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് നല്കാമെന്നുമുള്ള മറുപടി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ചെറുകിട കശുവണ്ടി കര്‍ഷകരെ കൂടാതെ ഭീമമായ തുക ചെലവഴിച്ച് വലിയ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത കര്‍ഷകരെ കൂടിയാണ് നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നത്. സ്വര്‍ണ്ണ പണയമുള്‍പ്പടെ നടത്തി തുക കണ്ടെത്തിയാണ് പലരും തോട്ടങ്ങള്‍ പാട്ടത്തിനെടുക്കുന്നത്. സാധാരണയായി പരമാവധി മൂന്ന് മാസത്തിനകം സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാറുണ്ട്.
സഹകരണ ബാങ്കുകള്‍ നേരിട്ട് കശുവണ്ടി സംഭരിക്കുന്നില്ലെന്നും പ്രദേശിക സംഘങ്ങള്‍ കേവലം ഇടനിലക്കാരായി നില്ക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. സഹകരണ ബാങ്കുകളുടെ തുക എടുത്ത് കര്‍ഷകര്‍ക്ക് നല്‍കാനാവില്ലെന്നും അധികൃതര്‍ പറയുന്നു. കശുവണ്ടി സംഭരിച്ച കാഷ്യു ഡവലപ്മെന്റ് കോര്പറേഷന് ആവശ്യമായ ഫണ്ടില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കോര്പറേഷന് സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നും തുക ലഭിക്കുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കുമെന്നുമാണ് സൂചന. എന്നാല്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ ഏതുവരെയായെന്നതില് വ്യക്തതയില്ല.
കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരും കശുവണ്ടിക്ക് അടിസ്ഥാന വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് വേണ്ടി പോലും കേരളത്തില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേരളത്തിലെ കശുവണ്ടി കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: