ന്യൂദല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ചയില്‍ ഇനി സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്നു ധാരണ. അതിര്‍ത്തി പ്രശനത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന നിലപാടാണ് ചര്‍ച്ചയിലുടനീളം ഭാരതം സ്വീകരിച്ചത്.
ഇന്ത്യ ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നാലു മണിക്കൂറാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ കാര്യമായ പുരോഗതികള്‍ ഉണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുവരെ അതിര്‍ത്തിയി നിലവിലെ സ്ഥിതി തുടരും. സൈന്യങ്ങളുടെ ലോക്കല്‍ കമാന്‍ഡര്‍മാരുമായുള്ള 12 റൗണ്ടുകളും മേജര്‍ ജനറല്‍ തലത്തില്‍ മൂന്നു റൗണ്ട് ചര്‍ച്ചകളും കഴിഞ്ഞതിനുശേഷമാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടത്തിയത്. ഇന്ത്യന്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ഇതിന് ഇന്ത്യ തയാറായിട്ടില്ല. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് ഇന്ത്യ ചര്‍ച്ചയുടെ ആദ്യത്തില്‍ തന്നെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല. അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഭാരതം സ്വീകരിച്ചത്. നിലവില്‍ നിര്‍മിക്കുന്ന റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: