മംഗളൂരു: ദക്ഷിണ കന്നഡ-കാസര്‍കോട് ജില്ലകളില്‍ സ്ഥിരം യാത്ര നടത്തുന്ന ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മറ്റു ജീവനക്കാര്‍ എന്നിവരു യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു ബി രൂപേഷും കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബുവും ഇ-പാസ് ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി.
ദക്ഷിണ കന്നഡ
കാസര്‍കോട് നിന്ന് ദിവസേന ദക്ഷിണകന്നഡ ജില്ലയിലേക്ക് ഏത്തേണ്ട മെഡിക്കല്‍, മറ്റ് പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ജീവനക്കാര്‍ക്കുമാണ് പാസ് നല്‍കുന്നത്.
അപേക്ഷകര്‍ താമസസ്ഥലത്തിന്റെ കൃത്യമായ മേല്‍വിലാസം ദക്ഷിണകന്നഡയിലെ തൊഴില്‍ വിലാസം എന്നിവ വ്യക്തമാക്കണം. അപേക്ഷകന് ആധാര്‍, ജോലി ചെയ്യുന്ന സ്ഥപനത്തിന്റെ കത്ത്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പി ഉള്‍പ്പെടുത്തണം. വിദ്യാര്‍ഥികളാണെങ്കില്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചാല്‍, മംഗളൂരു സബ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഒരു മാസത്തേക്കുള്ള പാസ് നല്‍കും. പാസ് വിശദാംശങ്ങള്‍ തലപ്പാടി ചെക്പോസ്റ്റില്‍ രേഖപ്പെടുത്തും.
ഇ-പാസുമായി യാത്ര ചെയ്യുന്നവര്‍ അവരുടെ വിശദാംശങ്ങള്‍, പ്രവേശനം, പുറത്തുകടക്കുന്ന സമയം എന്നിവ ദിവസവും നല്‍കണം. തെറ്റായ വിവരം നല്‍കുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കും.
ചെക്പോസ്റ്റില്‍ തെര്‍മല്‍ സ്കാനിങ് നടത്തും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ജോലിസ്ഥലത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് മാത്രമേ പാസ് സാധുതയുള്ളൂ. ഇതു ലംഘിച്ചാല്‍ പാസ് റദ്ദാക്കുന്നതിനൊപ്പം പിഴ ഈടാക്കും. കര്‍ണാടക സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് നല്കുന്ന എല്ലാ നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് ബാധകമാണ്.
ദക്ഷിണ കന്നഡയിലേക്ക് വരുന്ന മറ്റ് വിഭാഗത്തിലുള്ള യാത്രക്കാര്‍ക്ക് സേവസിന്ധു രജിസ്ട്രേഷനും ക്വാറന്റൈന് സംബന്ധിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും തുടരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
കാസര്‍കോട്
കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ളവര്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴി അടിയന്തര പാസുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍, കാസര്‍കോടിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പാസുകള്‍ നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിക്കും. പാസുകള്‍ക്ക് 28 ദിവസത്തെ സാധുതയുണ്ട്.
പാസുകള്‍ ലഭിക്കുന്നവര്‍ ചെക്ക് പോസ്റ്റിന് സമീപം മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ കൗണ്ടറില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രവേശിച്ച തീയതി, മടങ്ങിവരുന്ന തീയതി എന്നിവ നല്‍കണം. യാത്രക്കാര്‍ ദിവസേന ചെക്പോസ്റ്റില്‍ തെര്‍മല്‍ സ്കാനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ജില്ലയിലേക്ക് കടത്തിവിടില്ല.
കൊറോണയുടെ പശ്ചാത്തലത്തിലാണ് കേരള, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ദക്ഷിണകന്നഡ-കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടി ചെക് പോസ്റ്റ് അടച്ചത്. അതിര്‍ത്തി പങ്കിട്ട് ഇരുജില്ലകളിലുമായി ജോലി ചോയ്യുന്നവര്ക്ക് ഇതു വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇരു ജില്ലാ കളക്ടര്‍മാരും അടിയന്തര പാസ് അനുവദിക്കാനുള്ള പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: