ബെംഗളൂരു: ബിജെപി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു. ഹുബ്ബള്ളി-ധാര്‍വാഡ് മുന്‍ പോലീസ് കമ്മീഷണര്‍ പാണ്ഡുരംഗറാണെ, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ മല്ലികാര്‍ജുന ബാലദന്ദി, ജിനേന്ദ്ര കനഗവി എന്നിവരെയാണ് ചോദ്യം ചെയ്തത്.
കൊലപാതകം നടക്കുമ്പോള്‍ പാണ്ഡുരംഗറാണ കമ്മീഷണറും മറ്റു രണ്ടുപേര്‍ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായിരുന്നു (ഡിസിപി). കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഡിപിമാര്ക്കായിരുന്നു.
മൂവരെയും ചോദ്യം ചെയ്തെന്നും എന്നാല്‍, ഇവരുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ധാര്‍വാഡ് സപ്തപുരയിലുള്ള വ്യായാമ കേന്ദ്രത്തിനു മുന്നില്‍ 2016 ജൂണ്‍ 15നാണ് യോഗേഷ് ഗൗഡ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷം 2019 സെപ്തംബര്‍ 24നാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്.
ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ ശേഷം കേസന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ ഇതുവരെ ഈ കേസില്‍ എട്ടുപേരെ അറസ്റ്റു ചെയ്തു. ഇതില്‍ ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നേരത്തെ കേസന്വേഷിച്ച കര്‍ണാടക പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തെങ്കിലും കേസന്വേഷണത്തില്‍ ഉന്നതരെ രക്ഷപെടുത്തിയതായി യോഗേഷ് ഗൗഡയുടെ കുടുംബവും ബിജെപിയും ആരോപിച്ചിരുന്നു. കേസ് സിബിഐക്കു വിടണമെന്ന് ആദ്യം മുതല്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസ്, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരുകള്‍ അതിനു തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: