തിരുവനന്തപുരം: ഭാരതം പ്രകൃതിയെ മാതാവായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ഭൂമിയെ വിശേഷിപ്പിച്ചത് രത്‌നഗര്‍ഭ എന്നും വസുധ എന്നുമായിരുന്നു. സമ്പത്തിന്റെ ഉറവിടം എന്ന അര്‍ത്ഥത്തിലാണ് രണ്ടുവാക്കും ഉപയോഗിച്ചിരുന്നത്. ഭൂമിയുടെ മറ്റൊരു വിശേഷണമാണ് ധരിത്രി എന്നത്. ലോകത്തെ നിലനിര്‍ത്തുന്നത് എന്നതാണ് അതിനര്‍ത്ഥം. ഇതില്‍ നിന്നെല്ലാം ഭാരതത്തിന്റെ പ്രകൃതിയോടുള്ള കാഴ്ചപ്പാട് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംസ്‌കൃതിഭവന്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കവേ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ അഭിപ്രായപ്പെട്ടു.
ലോകം പ്രകൃതിയെ ചൂഷണം ചെയ്ത് മുന്നേറിയപ്പോള്‍ എത്തപ്പെട്ടത് നിലയില്ലാകയത്തിലാണ്. ജല ക്ഷാമവും അന്തരീക്ഷമലിനീകരണവും ആഗോളതാപനവും എല്ലാം ഈ ചൂഷണത്തിന്റെ ഫലമായി നമുക്ക് നേരിടേണ്ടിവന്നിരിക്കുന്നു. 44 നദികളുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ മിക്ക നദികളും മലിനീകരണം നിമിത്തം മൃതാവസ്ഥയിലായിരിക്കുന്നു. കൊറോണ കാരണം നാമെല്ലാം കുറച്ചുകാലത്തേക്ക് നിശ്ചലമായപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതാളം വീണ്ടെടുത്തു. അന്തരീക്ഷം തെളിമയാര്‍ന്നതായി, വായു ശുദ്ധമാക്കപ്പെട്ടു. പശ്ചിമഘട്ടമലനിരകള്‍ ദൃശ്യമാവാന്‍ തുടങ്ങി. ഇതെല്ലാം നമുക്ക് നല്‍കുന്നത് വലിയോരു പാഠമാണ്. ഈ ലോക്ഡൗണ്‍ വഴിയുള്ള പാരിസ്ഥിതികനേട്ടങ്ങള്‍ താല്കാലികമാണെങ്കിലും ആ നേട്ടങ്ങളെ ശാശ്വതമാക്കിത്തീര്‍ക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇനി നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള, വി മഹേഷ് എന്നിവര്‍ പങ്കെടുത്തു.
ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിവിഷയവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത്പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഡോ. പി. രാധാകൃഷ്ണക്കുറുപ്പും കൊല്ലത്ത് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ഡോ. വൈ.എസ്. ഗംഗയും ആലപ്പുഴയില്‍ കൊറോണക്കാലത്തെ പാരിസ്ഥിതികമാറ്റം എന്ന വിഷയത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മുരളീധരന്‍ തവക്കരയും കോട്ടയത്ത് പരിസ്ഥിതി സൗഹൃദവികസനം എന്ന വിഷയത്തില്‍ ഡോ സി.എം. ജോയിയും പാലക്കാട്ട് ബാലകൃഷ്ണമോനോനും മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പരിസ്ഥിചിന്തയും ഭാരതീയതയും എന്ന വിഷയത്തില്‍ ശ്രീവത്സനും കണ്ണൂരില്‍ ഭാരതീയപരിസ്ഥിതി സങ്കല്പം എന്ന വിഷയത്തില്‍ ഡോ. കെ.എന്‍ മധുസൂദന്‍ പിള്ളയും വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: