തിരുവനന്തപുരം: നാടിനകത്തെ ചെറിയ ഹരിത വനങ്ങളാണ് കാവുകള്‍. ജൈവൈവിധ്യത്തിന്റെ ഉറവിടങ്ങള്‍ കൂടിയാണ് ഇത്തരം കാവുകള്‍. ഔഷധസസ്യങ്ങളും വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കാവുകള്‍ സുഖശീതളമായ അന്തരീക്ഷമാണ് നാടിന് നല്‍കുന്നത്. കാവിനോടനുബന്ധിച്ച് കുളങ്ങളും കാണാമായിരുന്നു. ഇത്തരത്തിലുള്ള കാവുകളാല് ഒരുകാലത്ത് സമ്പന്നമായിരുന്നു നമ്മുടെ നാട്. ഇവ നമുക്ക് നല്‍കിയത് ശുദ്ധമായ ജീവശ്വാസവും തെളിനീരുമായിരുന്നു.
ഭൗമതാപനത്തെയും അന്തരീക്ഷ മലിനീകരണത്തെയും തടയാന്‍ കാവുകള്‍ക്കുള്ള കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വനങ്ങളില്‍ കാണുന്ന വന്മരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും എല്ലാം ചേരുന്നതാണ് കാവുകള്‍. പാമ്പുകള്‍ തുടങ്ങിയ ഇഴജന്തുക്കള്‍ മുതല്‍ പക്ഷികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങി അനേകായിരം സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥകൂടിയാണ് ഓരോ കാവും. ഏത് കൊടുംവേനലിനെയും അതിജീവിക്കുന്ന കുളങ്ങള്‍ കാവുകളുടെ പ്രത്യേകതയാണ്.
കാവുകള്‍ അന്ധവിശ്വാസത്തിന്റെ വിളനിലമായിരുന്നുവെന്ന് പറഞ്ഞ് വിപ്ലവം തലയില്‍ കേറിയ ഒരു സമൂഹം കാവുകള്‍ വെട്ടിനശിപ്പിക്കുകയായിരുന്നു. കാവുതീണ്ടല്ലേ കുളംവറ്റുമെന്ന് പഴമക്കാര്‍ പറഞ്ഞത് തള്ളിക്കളഞ്ഞ് കാവുനശിപ്പിച്ചവര് നാടിന്റെ ജീവശ്വാസമാണ് നശിപ്പിച്ചത്. അന്നത് പുരോഗമനമാണെന്ന് പറഞ്ഞ് അക്ഷരാഭ്യാസികള്‍ പോലും നെഞ്ചേറ്റിയിരുന്നു എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കാവിന്റെ യഥാര്‍ത്ഥ ശക്തി എന്തെന്ന് പുതിയ തലമുറ മനസിലാക്കി തുടങ്ങിയിരിക്കുന്നു. കാവുകള്‍ക്ക് വേണ്ടി വിപ്ലവം പാടി നടന്നവര്‍ പോലും ഓടിനടക്കുകയാണ്. കാവുകള്‍ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തണലും കുളിരും പിന്നെ രാവും പകലുമെന്നില്ലാതെ വിടരുന്ന പൂക്കളാല്‍ സുഗന്ധവും പരത്തുന്നു. പാലയും ചെമ്പകവും പേരറിയാത്ത കാട്ടുചെടികളും പൂത്തു സുഗന്ധം പരത്തുന്ന കാവുകള്‍ വിശ്വാസവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.
നാടിന്റെ നാഡിമിടിപ്പായ കാവുകളെ സംരക്ഷിക്കാന്‍ വിശ്വാസവുമായി കൂട്ടിയിണക്കിയാലെ അവയ്ക്ക് നിലനില്‍പ്പുണ്ടാകു എന്ന് പഴമക്കാര്‍ മനസിലാക്കിയത് കൊണ്ടാവണം വിശ്വാസപരമായ ബന്ധം കാവുകള്‍ക്ക് ഉണ്ടായത്. മാത്രമല്ല പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതാണ് ഭാരത സംസ്കാരം പഠിപ്പിക്കുന്നതും. തലമുറകള്‍ കൈമാറി ഏറെക്കാലം നമ്മള് ഇവയെ സംരക്ഷിച്ചുപോന്നു. എന്നാല്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പുതുതലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ കൈയില്‍ ഒന്നും ഇല്ല. എല്ലാം പുതുതായി തുടങ്ങണം. ഓരോ നാട്ടിലും ഓരോ കാവ് ഉണ്ടായിരുന്നിടത്ത് വിരലിലെണ്ണാവുന്നവയാണ് ഇന്നുള്ളത്. വരും തലമുറയ്ക്കായി ഉള്ളവയെ സംരക്ഷിച്ചും പുതിയ കാവുകള്‍ സൃഷ്ടിച്ചും പ്രകൃതി ഉപാസകരായി ഇനിയെങ്കിലും ജീവിക്കുക എന്നതാണ് നമ്മള് ഏറ്റെടുക്കേണ്ട വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: