പുനലൂര്‍: കൊല്ലം ജില്ലയിലെ പ്രധാന ജലസംഭരണിയും വൈദ്യുത ഉത്പാദന കേന്ദ്രവുമായ തെന്മല പരപ്പാര്‍ ഡാമില്‍ ജലനിരപ്പില്‍ വന്‍കുറവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മീറ്റര്‍ ജലനിരപ്പ് ആണ് കുറവ് വന്നിട്ടുള്ളത്. 116.73 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ ഇന്നലെ 97.75 മീറ്റര്‍ ജലമാണ് ഉള്ളത്.
പരപ്പാറില്‍ മുന്‍ വര്‍ഷങ്ങളില്‍ ഈ സമയങ്ങളില്‍ ജലസമൃദ്ധമായ സ്ഥാനത്ത് മണല്‍തിട്ടകള്‍ തെളിഞ്ഞ നിലയില്‍ ആണ് ഇന്ന്. ഇവിടുത്തെ വൈദ്യുത ഉത്പാദന കേന്ദ്രമായ കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിലെ രണ്ടു ജനറേറ്ററുകളില്‍ ഒന്നു മാത്രമാണ് ഇന്ന് പ്രവര്‍ത്തനം നടത്തുന്നത്. 15 മെഗാവാട്ട്സ് പ്രവര്‍ത്തനശേഷിയുള്ള ഇവിടെ ഇതുമൂലം 7.5 മെഗാവാട്സ് വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുമ്പോഴും വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ തുടരുന്ന ജനറേറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടുത്തെ മെക്കാനിക്കല്‍ വിഭാഗം കേടായ ജനറേറ്റര്‍ ഇനി അറ്റകുറ്റപണികള്‍ നടത്തിയാലും പ്രവര്‍ത്തിക്കില്ല എന്ന് അറിയിപ്പ് നല്കി കഴിഞ്ഞതോടെ ഇനി വൈദ്യുതോത്പാദനം ഒരു ജനറേറ്ററില്‍ മാത്രമാകും.
കാലവര്‍ഷം ശക്തമാകുകയും ജലസംഭരണിയില്‍ പൂര്‍ണ്ണതോതില്‍ ജലമെത്തിയാലും വൈദ്യുതോത്പാദനം ഭാഗീകമായി മാത്രം നടക്കുമ്പോള്‍ വെള്ളം തുറന്നു വിടുക മാത്രമേ പോംവഴിയുള്ളു. ഡാമിലെ ചോര്‍ച്ച പരിഹരിക്കാന്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഗ്രൗട്ടിംഗ് ജോലികള്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപണികളും സമയബന്ധിതമായി നടപ്പാക്കാന്‍ അതികൃതര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: