ചെറുവത്തൂര്‍: ലോക്ക്ഡൗണ്‍ മറവില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗാശുപത്രി കെട്ടിടം പൊളിച്ചുമാറ്റിയതായി പരാതി. നടപടിക്രമം പൂര്‍ത്തിയാക്കിയതായി രേഖകളുണ്ടാക്കിയാണ് കാര്‍ഷിക സംസ്കാര പഠനകേന്ദ്രത്തിന് വടക്കുഭാഗത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതെന്നാണ് ആരേപണമുയര്ന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ജെസിബിയുമായെത്തിയ കരിവെള്ളൂരിലെ കരാറുകാരന്റെ തൊഴിലാളികള്‍ കെട്ടിടം പൊളിച്ചുനീക്കി തറയുടെ മണ്ണ് ഉള്‍പ്പെടെ ലോറികളിലാക്കി കടത്തിക്കൊണ്ടു പോകുമ്പോഴാണ് സ്ഥാപനത്തിലെ തൊഴിലാളികളും നാട്ടുകാരും ദര്‍ഘാസ് വിവരം അറിയുന്നത്.
മേയ് 21ന് മൂന്നിന് മുന്‍പായി ദര്‍ഘാസ് ലഭിക്കണമെന്ന നോട്ടീസ് 13ന് തയ്യാറാക്കിയതായിട്ടാണ് രേഖ. 21ന് 3.30ന് ദര്‍ഘാസ് തുറക്കുമെന്നും നോട്ടീസിലുണ്ട്. കാര്‍ഷിക സര്‍വകലാശാല പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇത്തരം ടെന്‍ഡര്‍ നടപടികളുടെ നോട്ടീസ് സമീപത്തെ മൂന്ന് ഗ്രാമപ്പഞ്ചായത്ത് കാര്യാലയങ്ങളിലും വില്ലേജ് ഓഫീസിലും പൊതുജനങ്ങള്‍ക്ക് അറിയാന്‍ പാകത്തില്‍ നോട്ടീസ് ബോര്‍ഡുകളില്‍ പതിക്കണമെന്നാണ് നിബന്ധന. എന്നാല്‍ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കാലയളവില്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയങ്ങളില്‍ ആളുകള്‍ പോകാറില്ലായിരുന്നു. അത്തരം നോട്ടീസ് കിട്ടിയതായി ഓര്‍ക്കുന്നില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.രമേശന് പറയുന്നു. ജീവനക്കാരും തൊഴിലാളികളും പൂര്‍ണമായും ഈ കാലയളവില്‍ കേന്ദ്രത്തിലെത്താറില്ലായിരുന്നു.
പൊതുജനങ്ങള്‍ക്ക് കേന്ദ്രത്തിലെത്തുന്നതിനുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ സമയത്ത് ദര്‍ഘാസ് നടപടി പൂര്‍ത്തിയാക്കി കെട്ടിടം പൊളിച്ചുമാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഒരുവിഭാഗം തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഴയ കെട്ടിടത്തില്‍ സമൂഹവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്താന്‍ തുടങ്ങിയതിനാലാണ് പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചതെന്നും പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അധികൃതര്‍ പറയുന്നു. 1.24 ലക്ഷമാണ് വില കണക്കാക്കിയത്. മൂന്ന് ദര്‍ഘാസ് കിട്ടി. 1.26 ലക്ഷം രേഖപ്പെടുത്തിയ കരിവെള്ളൂര്‍ സ്വദേശിയുടെ ദര്‍ഘാസിന് അംഗീകാരം നല്കി. എന്നാല്‍ നോട്ടീസില്‍ രേഖപ്പെടുത്തിയതുപ്രകാരം ഒരു പകര്‍പ്പ് കിട്ടേണ്ട ഫാം സുപ്രണ്ട് പി.മുരളീധരന് ദര്‍ഘാസ് നടപടിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: