മേപ്പയ്യൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് പാതിവഴിയില്‍ വീടുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്ന പുലപ്രക്കുന്ന് കോളനിയില്‍ താമസിച്ചിരുന്ന 9 സാംബവ കുടുംബങ്ങള്‍ക്ക് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളയാട്ടൂര്‍ എളമ്പിലാട് എല്‍പി സ്കൂളില്‍ താല്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തി.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് സുരക്ഷിതമല്ലാതായ സാഹചര്യത്തിലാണ് 9 കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചത്. ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ് 9 വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരുന്നത്. മെയ് 31ന് മുമ്പ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
ക്യാമ്പിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കോളനി കണ്‍വീനര്‍ രതീഷ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.റീനയില്‍ നിന്ന് ഏറ്റുവാങ്ങി.
നേരത്തെ പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ തൊട്ടടുത്തുള്ള മേപ്പയ്യൂര്‍ എല്‍പി സ്കൂളിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിക്കാന്‍ മന്ത്രി എ.കെ.ബാലന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോളനി നിവാസികളുടെ ദുരിതാവസ്ഥ ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: