പൂക്കോട്ടുംപാടം(മലപ്പുറം): സാനിറ്റൈസര്‍ റോബോട്ട് നിര്‍മ്മിച്ച് പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞന്മാര്. സ്കൂളിലെ അടല്‍ ടിങ്കര്‍ ലാബില്‍ റോബോട്ടിക്ക് നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച എം.സല്മാന്, സജില്‍ എന്നിവര്‍ ചേര്‍ന്ന് റോബോട്ട് നിര്‍മ്മിച്ചത്.
റോബോട്ടിന് നേരെ കൈ നീട്ടിയാല്‍ കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസര്‍ ലഭിക്കും. രണ്ട് ദിവസമെടുത്താണ് വിദ്യാര്‍ത്ഥികള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാറ്ററിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഒരുതവണ കൈകള്‍ നീട്ടി സിനിറ്റൈസര്‍ സ്വീകരിച്ചാല്‍ ഉപയോഗത്തിന് നന്ദി അറിയിച്ചുള്ള ശബ്ദ സന്ദേശം റോബോട്ട് നല്‍കും.
മുമ്പും സ്കൂളിലെ ഈ വിദ്യാര്‍ത്ഥികള്‍ റോബോട്ടുകള്‍ നിര്‍മ്മിച്ച് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്കൂളില്‍ അഡ്മിഷന് ആരംഭിച്ചത് മുതല്‍ 600ല്‍ പരം രക്ഷിതാക്കള്‍ എത്തിയെന്നും റോബോട്ടിന്റെ സഹായത്തോടെ കൈകള്‍ അണുവിമുക്തമാക്കിയാണ് അഡ്മിഷന് നല്‍കിയതെന്നും പ്രധാനാദ്ധ്യാപകന് കെ.മൂസ്സക്കുട്ടി പറഞ്ഞു. അദ്ധ്യാപകരായ കെ.ഷാജി, റഹിയ ബീഗം, പി.സി.നന്ദകുമാര്‍, വി.പി.സുബൈര്‍, എം.കെ.സിന്ധു, വിനു തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: