ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ ആവര്‍ത്തിക്കുന്നു. പാക്കിസ്ഥാന് ആക്രമണത്തില്‍ അതിര്‍ത്തിയിലെ വീടുകള്‍ക്കും നാശ നഷ്ടം. കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പല വീടുകളുടെ ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ തളച്ചു കയറിയിട്ടുണ്ട്.
അതിനിടെ ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു ഭീകരനെ വധിച്ചത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാര്‍ബോംബ് സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയത്.
നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു. എന്നാല്‍ സുരക്ഷാ സൈന്യം ജമ്മുകശ്മീരില്‍ ഭികരര്ക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ചതോടെ അവര്‍ പ്രതിരോധത്തിലായെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: