മൂലമറ്റം: കീഴടക്കുവാനുള്ള മനുഷ്യന്റെ ത്വര പ്രകൃതിയോടായപ്പോള്‍ നിശബ്ദമായി പ്രതികരിച്ച് പ്രകൃതി മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിയോടൊത്ത് ജീവിക്കണം എന്ന പൂര്‍വസൂരികളുടെ ചിന്തയും ആഹ്വാനവും പിന്‍തിരിപ്പന്‍ എന്നാക്ഷേപിച്ച് പുറം തള്ളി. പ്രകൃതി എന്നത് നമ്മുടെ ജീവിതക്രമം തന്നെയാണ് എന്ന വസ്തുത നാം മറന്നു.
പ്രകൃതിയുടെ മാറ് പിളര്‍ന്ന് ദുരമൂത്ത മനുഷ്യന്‍ അവന്റെ സാമ്രാജ്യങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ നിശബ്ദമായ വേദനയോടെ അവള്‍ തേങ്ങി. പ്രളയമായും, കാറ്റായും പ്രകൃതി പ്രതിക്രിയ ചെയ്തു. പ്രകൃതിയുടെ പ്രതികാരത്തില്‍ മനുഷ്യന്‍ ആടിയുലഞ്ഞു. ഒരു മനുഷ്യായുസ് കൊണ്ട് പടുത്തുയര്‍ത്തിയത് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുന്നത്
നിര്‍വികാരതയോടെ അവന്‍ നോക്കി നിന്നു. പതിറ്റാണ്ടുകളായി കെട്ടിപൊക്കിയവയൊക്കെയും വീണ്ടും പടുത്തുയര്‍ത്താന്‍ ഒരു പുരുഷായുസ് മതിയാകാത്ത അവസ്ഥ. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ കഴിഞ്ഞ പ്രളയകാലത്ത് മനുഷ്യന്‍ എത്ര നിസാരനാണെന്ന് നേര്‍ ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞു.
പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ ത്യാഗ മനോഭാവം വഴിയിലുപേക്ഷിച്ച് ഭോഗ സംസ്‌കാരം സ്വീകരിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന പ്രതിസന്ധി. ഭൂമിക്കൊരു ചരമഗീതം കുറിച്ച ദീര്‍ഘദര്‍ശിയായ കവി വര്യന്റെ ആത്മഗതം ധരയുടെ ആഴങ്ങളില്‍ നിന്നും ഉയര്‍ന്ന ആത്മനൊമ്പരമായിരുന്നു. ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ എന്ന നിര്‍ണായകമായ ചോദ്യമുയര്‍ത്തിയാണ് വര്‍ത്തമാനകാല ജീവിതം മനുഷ്യന്‍ മുന്നോട്ട് നയിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കാലം മനുഷ്യകുലത്തിന് നല്‍കുന്ന ദുരന്തങ്ങള്‍ക്ക് മൂകസാക്ഷിയായി കാതോര്‍ക്കുവാനേ നമുക്ക് കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: