കോഴിക്കോട്: പതിനായിരം ക്ഷേത്രങ്ങള്‍ക്ക് പൂജാനിവേദ്യാദി സാമഗ്രികള്‍ കേരള ക്ഷേത്രസംരക്ഷണ സമിതി കിഴിയായി സമര്‍പ്പിക്കുന്നു. നിത്യപൂജകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാന്‍ തയാറാക്കിയ ക്ഷേത്രഭദ്രതാ പദ്ധതിയനുസരിച്ചാണ് കിഴി സമര്‍പ്പണം. ദേവന് ഒരു കിഴി എന്ന ഈ പദ്ധതിയില്‍ മൂവായിരം രൂപയോളം വില വരുന്ന സാമഗ്രികള്‍ ഓരോ ക്ഷേത്രങ്ങള്‍ക്കും നല്‍കും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രക്ഷാധികാരിയായി രൂപീകരിച്ച 51 അംഗ കര്‍മസമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
സമിതി ആചാര്യന് പി. മാധവ്ജിയുടെ 94-ാം ജന്മദിനമായ ജൂണ്‍ ഒന്‍പതിന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് കിളിപ്പറമ്പ് ദേവീക്ഷേത്രപരിസരത്ത് വൈകിട്ട് അഞ്ചിന് ചേരുന്നചടങ്ങില് സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ അധ്യക്ഷനാകും. സര്‍ക്കാരിന്റെ കൊറോണ നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ചടങ്ങ്.
അന്നുതന്നെ കേരളത്തിലെ എല്ലാ താലൂക്കു കേന്ദ്രങ്ങളിലും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പൂജാസാമഗ്രികള്‍ ആവശ്യമുള്ള ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍ക്ക് അതാതു ജില്ലകളിലെ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറിമാരെ ബന്ധപ്പെടാമെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: