Categories: Samskriti

ഈ നൂറ്റാണ്ടിന്റെ ശാസ്ത്രം ഭാരതത്തിന്റെ ശാസ്ത്രം

ദേവിയെ കൊണ്ടുനടക്കുന്ന വാഹനമായി നിശ്ചയിച്ചിരിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലെ വിവേകത്തിന്റെ ചിഹ്നമായ, പാലും വെള്ളവും വേര്‍തിരിച്ചെടുക്കുന്ന, ഹംസത്തെയാണല്ലോ (ഇതിനു സമാനമായ ഒരു അരിപ്പ നമ്മുടെ മസ്തിഷ്‌കങ്ങളിലുമുണ്ട്!). എത്ര അന്വര്‍ത്ഥങ്ങളായ രൂപകല്പനകള്‍!

വേര്‍തിരിച്ചുകാണാനുള്ള കഴിവിനു പുറമെ മനുഷ്യന്റെയും മനുഷ്യമസ്തിഷ്‌കത്തിന്റെയും മറ്റൊരു അടിസ്ഥാനകഴിവ് അനുകരിക്കാനുള്ള (പകര്‍ന്നാടാനുള്ള) കഴിവാണ്. വാഗ്‌ദേവതയായ സരസ്വതിദേവീ കയ്യില്‍ കൊണ്ടുനടക്കുന്ന തത്ത ഈ കഴിവിനെ പ്രതിനിധാനം ചെയ്യുന്നു. സമസ്ത വിവരവ്യവഹാരങ്ങളുടെയും ചിന്തകളുടെയും ആശയവിനിമയങ്ങളുടെയും പൊതുമാതൃക തത്തയാണെന്നു കണ്ടെത്തിയതിന് നമ്മുടെ പൂര്‍വികരെ നമിക്കുക തന്നെവേണം.

ദേവിയെ കൊണ്ടുനടക്കുന്ന വാഹനമായി നിശ്ചയിച്ചിരിക്കുന്നത് സംസ്‌കൃതസാഹിത്യത്തിലെ വിവേകത്തിന്റെ ചിഹ്നമായ, പാലും വെള്ളവും വേര്‍തിരിച്ചെടുക്കുന്ന, ഹംസത്തെയാണല്ലോ (ഇതിനു സമാനമായ ഒരു അരിപ്പ നമ്മുടെ മസ്തിഷ്‌കങ്ങളിലുമുണ്ട്!). എത്ര അന്വര്‍ത്ഥങ്ങളായ രൂപകല്പനകള്‍!

അനുകരണങ്ങളിലൂടെ കോപ്പികള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. ചെറിയ മാറ്റങ്ങളോടെയോ അല്ലാതെയോ ആകാം. ഉണ്ടായശേഷം പകര്‍പ്പുകള്‍ പല കാലപ്രമാണങ്ങളില്‍ നശിക്കുകയും ചെയ്യുന്നു. ക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വലിയ മാറ്റങ്ങളായി പ്രകടമാകാം.

സമസ്ത ജ്ഞാനവിജ്ഞാന (ബ്രഹ്മ) വികാസങ്ങളും, സ്രഷ്ടാവായ ബ്രഹ്മാവും, പ്രകൃതിയുടെ ചട്ടക്കൂടായ കാലദേശാദിഉപാധിബോധവും അനുകരണത്തിന്റെ (പകര്‍ന്നാട്ടങ്ങളുടെ) ഫലങ്ങളാണെന്ന് നമ്മുടെ പൂര്‍വികര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യുക്തികൊണ്ട് കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

അദൈ്വതജ്ഞാനശാസ്ത്രത്തിലെ പ്രസിദ്ധമായ വിവര്‍ത്തവാദമാണ് മേല്‍പ്പറഞ്ഞത്. ചിലര്‍ വ്യതിയാനങ്ങളെ ഭ്രമങ്ങളായി ചിത്രീകരിക്കുന്നു എന്നുമാത്രം. ബ്രഹ്മത്തില്‍ തെറ്റുകളോ ഭ്രമങ്ങളോ വരില്ല. അത് എല്ലാ ജ്ഞാനവിജ്ഞാനങ്ങളുടെയും മൂലസ്രോതസ്സായി കാലാതീതമായി എന്നെന്നും നിലനില്‍ക്കുന്നു. പകര്‍പ്പുകളിലും തെറ്റുപറയാന്‍ പാടില്ല. കോപ്പികള്‍ കൂടിക്കുഴഞ്ഞ് സംഭ്രമിപ്പിച്ചേക്കാം. അതിനുള്ള മറുമരുന്നാണ് വിവേകം.

നാം നമ്മുടെ ലൗകികജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത് മറ്റുള്ളവരില്‍ നിന്നും മറ്റുള്ളവയില്‍ നിന്നും നമുക്ക് ഇന്ദ്രിയങ്ങള്‍വഴി ലഭിക്കുന്ന വിവരങ്ങളും, നമുക്ക് സ്വയം തോന്നുന്ന വിവരങ്ങളും കൂട്ടിക്കലര്‍ത്തിയാണ്. പ്രസ്തുത വിവരങ്ങള്‍ പലപ്പോഴും വിശ്വസനീയമല്ലാതെ കാണപ്പെടുന്നു. പരിശോധനകള്‍ക്കുശേഷം  

പോലും സംശയം ബാക്കി നില്‍ക്കാം. അതുകൊണ്ട് വിവരങ്ങളെക്കാള്‍ ആശ്രയിക്കാന്‍ കൊള്ളുന്നത് വസ്തുവാണ്. വസ്തു എന്നാല്‍ ബാഹ്യലോകത്തെ പദാര്‍ത്ഥങ്ങള്‍ മാത്രമല്ല, അകം-പുറം ഭേദമോ മറ്റേതെങ്കിലും ഭേദമോ ഗുണമോ ഇല്ലാത്ത സദ്‌വസ്തുവായ പരംബ്രഹ്മമാകുന്നു. പുറത്തെന്നു തോന്നുന്ന ഭൗതികപദാര്‍ത്ഥങ്ങളും, അകത്തെന്നു തോന്നുന്ന ‘ഞാനും എന്റെ ചിന്തകളും’ ആ സദ്‌വസ്തുവിന്റെ അനുഭവത്തില്‍ ഒതുങ്ങിയിരിക്കുന്നു.

നമ്മുടെ തലമുറയ്‌ക്ക് ഡാര്‍വിനെക്കുറിച്ച് അറിയാം. നമ്മുടെ പൂര്‍വികം അറിയില്ല. സാംഖ്യന്റെ ‘പരിണാമ’മല്ല ഡാര്‍വിന്റെ ‘പരിണാമ’വും അദൈ്വതിയുടെ വിവര്‍ത്തവും. നമ്മുടെ വിവര്‍ത്തത്തിന്റെ ഒരു പ്രത്യേക ലഘുപ്രയോഗം മാത്രമാണ് ജീവിലോകത്തെ ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും ജനിതകശാസ്ത്രവും എന്നറിയുക.

ഉത്പത്തിനാശങ്ങളില്ലാത്ത കാലാതീതമായ ബ്രഹ്മം എന്ന സദ്‌വസ്തുവിന്റെ താല്‍ക്കാലിക അനുകരണങ്ങളെ (വിവര്‍ത്തങ്ങളെ, വിവരങ്ങളെ) ആണ് വിവിധ ലോകങ്ങളായും ലോകപദാര്‍ത്ഥങ്ങളായും, നമ്മുടെ ശരീരങ്ങളായും മസ്തിഷ്‌കങ്ങളായും, ആ മസ്തിഷ്‌കം വഴിതന്നെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. മസ്തിഷ്‌കത്തെ മസ്തിഷ്‌കം കൊണ്ട് അറിയുന്നത് വിവരനിഷ്ഠമായ അറിവാണ്, പ്രാഥമിക അറിവല്ല, യുക്തിക്കു നിരക്കുന്നതുമല്ല.

അതുകൊണ്ട് ശുദ്ധചൈതന്യമായ ‘നാം’ എന്ന സാന്നിദ്ധ്യം മസ്തിഷ്‌കവിഭിന്നമായി അത്യാവശ്യവും അനിവാര്യവുമായി വേണ്ടിയിരിക്കുന്നു. നാം തമ്മിലുള്ള എല്ലാം ഗുണഭേദങ്ങളും നമ്മുടെ മസ്തിഷ്‌കങ്ങളില്‍ മാത്രമായതുകൊണ്ട് ചൈതന്യസ്വരൂപമായ ‘നാം’ എല്ലാവര്‍ക്കും കൂടി ഒന്നേയൊന്നു മാത്രം മതി. ഒന്നേയൊന്നു മാത്രമേയുള്ളു. ഇനി പലതെന്നു വിശ്വസിച്ചാലും ഫലത്തില്‍ ഒന്നുതന്നെ. അതുകൊണ്ട് വിശ്വാസത്തിന്റെ പ്രശ്‌നമെ ഇവിടെ വരുന്നില്ല.

പരമേശ്വരനും പരബ്രഹ്മവും (ശുദ്ധപ്രാഥമിക അനുഭവം) ഒന്നുതന്നെ. അതുകൊണ്ടാണ് നാം തമ്മിലുള്ള ആശയവിനിമയംപോലും സാധ്യമാകുന്നത്. വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായത്തിന് മനുഷ്യവ്യക്തി പ്രകൃതിദ്രവ്യങ്ങളും നിയമങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ യന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് മനുഷ്യവ്യക്തിയോ അയാളുടെ പ്രസക്തിയോ ഇല്ലാതാകുന്നില്ല. അതുപോലെതന്നെ ഈശ്വരന്‍ വിവര്‍ത്തം വഴി മനുഷ്യമസ്തിഷ്‌കങ്ങള്‍ സൃഷ്ടിച്ചതുകൊണ്ട് ‘ഈശ്വരന്‍’ എന്ന സാമാന്യവും ഏകവുമായ പൊതുവ്യക്തിത്വം (ചൈതന്യം) ഇല്ലാതാകാന്‍ പോകുന്നില്ല. മനുഷ്യവ്യക്തിത്വം മനുഷ്യമസ്തിഷ്‌കത്തിലെ ഈശ്വരപ്രതിഫലനം മാത്രം. കമ്പ്യൂട്ടറില്‍ മനുഷ്യത്വം കാണുന്നുവെങ്കില്‍ അത് കാണുന്നവന്റെ മനുഷ്യത്വം അവിടെ പ്രതിഫലിച്ചുകാണുന്നതാകുന്നു.

വിവരനിഷ്ഠയെ ആധുനികശാസ്ത്രം വിഷയനിഷ്ഠയാക്കി അതിനെ ‘വസ്തുനിഷ്ഠ’ എന്നു വിളിച്ചതുകൊണ്ട് അങ്ങനെ ആവാന്‍ പോകുന്നില്ല. ചൈതന്യത്തെ ഒഴിവാക്കാന്‍ യുക്തി സമ്മതിക്കില്ല. ഭാരതീയന്റെ വസ്തുനിഷ്ഠ (ബ്രഹ്മനിഷ്ഠ) ആണ് യഥാര്‍ത്ഥ വസ്തുനിഷ്ഠ. അവിടെനിന്ന് വിവരങ്ങളെ അനുകരണം വഴി പടിപടിയായി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഇനി നമ്മള്‍ക്കു തുടങ്ങാം. അതായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: ഐഎസ്