ആത്മജ്ഞാന ഉപദേശം തുടരുന്നു
ശ്ലോകം 198, 199
അനാദിത്വമവിദ്യായാഃ കാര്യസ്യാപി തഥേഷ്യതേ
ഉത്പന്നായാം തു വിദ്യായാം ആവിദ്യകമനാദ്യപി
പ്രബോധേ സ്വപ്‌നവത് സര്‍വ്വം സഹമൂലം വിനശ്യതി
അനാദ്യപീദം നോ നിത്യം പ്രാഗഭാവ ഇവ സ്ഫുടം
അവിദ്യയെപ്പോലെ തന്നെ അതിന്റെ കാര്യങ്ങളും അനാദിയാണ്. എന്നാല്‍ വിദ്യയുടെ ഉദയത്തില്‍ അവിദ്യയും അതിന്റെ കാര്യങ്ങളും നശിക്കും. ഉണരുമ്പോള്‍ സ്വപ്‌നം ഇല്ലാതാവുന്നത് പോലെയാണിത്. പ്രാഗഭാവം പോലെ ഈ പ്രപഞ്ചവും അനിത്യമെന്ന് വ്യക്തമാണ്.
പ്രാഗഭാവം എന്നാല്‍ മുമ്പ് ഇല്ലാത്ത അവസ്ഥ. പ്രാക്മുമ്പ്. അഭാവം ഇല്ല. അവിദ്യയും അതില്‍ നിന്ന് ഉണ്ടാകുന്ന കാര്യങ്ങളും എന്ന് തുടങ്ങി എന്നു പറയാനാകില്ല. അതിനാല്‍ അവയെ അനാദി എന്ന് പറയുന്നു.
കാരണം അനാദിയാണെങ്കില്‍ അവയില്‍ നിന്ന് ഉണ്ടാകുന്ന കാര്യങ്ങളും അനാദിയായിരിക്കും. അജ്ഞാനം അനാദിയായതിനാലാണ് അതിന്റെ കാര്യമായതൊക്കെ അനാദിയെന്ന് പറഞ്ഞത്.ആദ്യത്തെ സങ്കല്പമോ ആഗ്രഹമോ ഉണ്ടായത് അജ്ഞാനത്തില്‍ നിന്നാണ്. അതു കൊണ്ട് അജ്ഞാന കാര്യമായ അവയെ അനാദിയെന്ന് വിളിക്കണം.
ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നീങ്ങും. എത്ര കാലം അജ്ഞാനമുണ്ടോ അത്രയും കാലം അതിന്റെ കാര്യമായ മിഥ്യാജ്ഞാനവും നിലനില്‍ക്കും. അജ്ഞാനത്തെ നീക്കാന്‍ ജ്ഞാനം കൊണ്ടു മാത്രമേ കഴിയൂ. വെളിച്ചം വന്നാല്‍ ഇരുട്ട് താനെ നീങ്ങുന്നതു പോലെയാണിത്. എത്ര കാലം പഴക്കമുള്ളതാലും എത്ര കുറ്റാ കൂരിരിട്ടായാലും വെളിച്ചമെത്തിയാല്‍ ഓടിയൊളിക്കും. വെളിച്ചവുമായി ഇരുട്ടിനെ അന്വേഷിച്ചു പോയാല്‍ കണ്ടെത്താനാവില്ല. രണ്ടും കൂടി ഒരുമിച്ച് ഒരിടത്ത് ഇരിക്കില്ല.
ആത്മജ്ഞാന ഉദയത്തില്‍ അജ്ഞാനവും അതിന്റെ കാര്യമായ എല്ലാ ഭ്രമങ്ങളും പൂര്‍ണ്ണമായും നീങ്ങുന്നു. സ്വപ്‌നം കാണുമ്പോള്‍ സ്വപ്‌ന പ്രപഞ്ചം വാസ്തവമെന്ന് തോന്നാമെങ്കിലും ഉണര്‍ന്നാല്‍ അതെല്ലാം ഇല്ലാതാകാം. സ്വപ്‌നത്തില്‍ അനുഭവിച്ച തൊക്കെ വാസ്തവമല്ലെന്നും ബോധ്യമാകും. അതുപോലെ ആത്മജ്ഞാനത്തിലേക്ക് ഉണര്‍ന്നാല്‍ ജഗത്ത് ഉണ്ടെന്ന തോന്നലിന് കാരണമായ മിഥ്യാബോധവും അതിന് കാരണമായ അജ്ഞാനവും വേരോടെ നശിക്കും. സുഷുപ്തി അവസ്ഥയില്‍ കാര്യങ്ങള്‍ നശിക്കുമെങ്കിലും കാരണമായ അജ്ഞാനം നിലനില്‍ക്കും.എന്നാല്‍ ആത്മാനുഭൂതിയില്‍ കാരണവും നശിക്കും. അതു കൊണ്ട് തന്നെ മിഥ്യാബോധമായ ജഗത് പ്രതീതി പിന്നീട് ഉണ്ടാവുകയേ ഇല്ല.
കാരണമായ അവിദ്യ അനാദിയാണെങ്കിലും നിത്യമല്ല എന്ന് അറിയണം. ആരംഭിച്ചതിനാണ് അവസാനമെങ്കിലും ഇവിടെ അജ്ഞാനം ഇല്ലാതാകുക തന്നെ ചെയ്യും. അതിന് നിത്യത്വമില്ല. ന്യായ ദര്‍ശനത്തില്‍ നൈയ്യായികന്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന പ്രാഗഭാവത്തെയാണ് ഇതിനായി പറയുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് തയ്‌ക്ക് പ്രാക് അഭാവമായിരുന്നു. മണ്ണില്‍ അത് പാത്ര സാധ്യത രൂപത്തില്‍ ഒളിഞ്ഞ് കിടക്കുകയായിരുന്നു. പ്രത്രം ഉണ്ടാക്കിയപ്പോള്‍ ആ പ്രാഗഭാവം ഇല്ലാതെയായി.
മണ്ണില്‍ എപ്പോഴാണ് ഈ പാത്ര സാദ്ധ്യത ഉണ്ടായത് എന്ന് പറയാന്‍ കഴിയില്ല. മണ്ണിനോടൊപ്പം ഉളളതാണ്. അതു വരെ അവ്യക്തമായിരുന്നത് പാത്രം ഉണ്ടായപ്പോള്‍ വ്യക്തമായി. അനാദിയായ ഒന്ന് നശിക്കുന്നതിനാണ് പ്രാഗഭാവത്തെ ഉദാഹരിക്കുന്നത്. പാത്രത്തിന്റെ പ്രാഗഭാവം പോലെയാണ് പ്രപഞ്ചത്തിന്റെ കാര്യവും. അജ്ഞാനത്തില്‍ നിന്നും ഉടലെടുത്ത അത് അജ്ഞാന നാശത്തോടെ ഇല്ലാതാകും. തത്ത്വദര്‍ശനം ലഭിച്ചാല്‍ അതോടെ അജ്ഞാനത്തിന്റെ പൂര്‍ണ്ണനാശം സംഭവിക്കും.പിന്നെ അതില്‍ നിന്നുള്ള കാര്യങ്ങളായ ഒന്നിനും നിലനില്‍പ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: