കൊച്ചി: എറണാകുളം ജില്ലയിലെ പഴന്തോട്ടത്തിനടുത്ത് വെമ്പള്ളിയില്‍ വീപ്പനാത്ത് വീട്ടില്‍ പത്രോസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം പതിനാറ് കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതി ദിനമായ ഇന്ന് പ്രാണി രക്ഷക് എന്നപേരില്‍ അറിയപ്പെട്ടിരുന്ന പത്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തില്‍ മറക്കാന്‍ കഴിയാത്തതാണ്. 1980 കാലഘട്ടം മുതല്‍ക്കെ സാധാരണ കര്‍ഷകനായിട്ടിരിക്കുമ്പോഴും പത്രോസ് പരിസ്ഥിതിയുടെ അപ്പോസ്തലനായിരുന്നു. ഭൂമിയിലുള്ള സസ്യ ജന്തു ജാലങ്ങളും മറ്റു അചേതന വസ്തുക്കളും മുഴുവന്‍ ഈശ്വര സൃഷ്ടിയാണെന്നും ഇവയെ നശിപ്പിക്കാനുള്ള അവകാശം മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.
ശ്രീബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും ജീവിതദര്‍ശനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അതനുസരിച്ച ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പത്രോസിന്റേത്. സ്വന്തം കൃഷിയിടങ്ങളില്‍ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാത്ത കര്ഷകന്. പത്രോസിന്റെ വാക്കുകളില്‍ പരിസ്ഥിതിയുടെ തനതായ സംരക്ഷണമുണ്ട്. ഇന്ന് ലോകമെമ്പാടും കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള ജൈവ കൃഷിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്.
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിട്ടുള്ള സുന്ദര്‍ലാല്‍ ബഹുഗുണയുടെ ആരാധകനായിരുന്നു പത്രോസ്. അങ്ങനെയാണ് പ്രാണിരക്ഷക് എന്ന് പേര് അദ്ദേഹത്തിന് ലഭിച്ചത്. വനങ്ങള്‍ കോടാനുകോടി വരുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണെന്നുള്ള ശാസ്ത്രസത്യം മനസ്സിലാക്കി വനങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങളില്‍ പത്രോസ് മുന്‍നിരയിലുണ്ടായിരുന്നു. സ്വന്തം പുരയിടത്തില്‍ സര്‍പ്പക്കാവുകള്‍ വച്ചുപിടിപ്പിച്ചു. ഇപ്പോള്‍ ശാസ്ത്രലോകം സര്‍പ്പക്കാവുകളുടെ പ്രസക്തിയെ പറ്റി പറയുന്നു. ഇഴജന്തുക്കള്‍, പക്ഷികള്‍, സസ്യങ്ങള്‍ ഇവ പ്രകൃതിയുടെ പ്രിതിബിംബങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്ന വൈദികകാലം മുതല്‍ ഉണ്ടായിരുന്ന ജ്ഞാനം ഈ സാധാരണക്കാരന് മനസിലാക്കിയിരുന്നു. മരിക്കുന്നതിന് മുമ്പ് മഹത്മാ അമൃതോദേവിയുടെ ഒരു ക്ഷേത്രം പിണര്‍വുകുടിയില്‍ പത്രോസ് മുന്‍കൈ എടുത്ത് സ്ഥാപിച്ചിരുന്നു.
മനുഷ്യനും പ്രകൃതിയുമായുളള ബന്ധത്തിന്റെ ഉദാത്തമായ ആള്‍രൂപമായിരുന്നു പത്രോസ്. തുളസിയുടെ മഹാത്മ്യം ബോധ്യപ്പെടുത്താന്‍, ചെവിയില്‍ തുളസിക്കതിര് ചൂടാന്‍ ആ മനുഷ്യന് മടിയുണ്ടായിരുന്നില്ല. മോക്ഷത്തിനായിരുന്നില്ല മറിച്ച് പ്രകൃതിയിലെ വരദാനങ്ങളായ ഔഷധസസ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.
കെ. ചന്ദ്രമോഹന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: