കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് പുലര്‍ച്ചെ അറസ്റ്റിലായത്.കൊച്ചി ഇടപ്പളളിയില്‍ കുന്നുംപുറത്തു ഹോട്ടല്‍ തൊഴിലാളികള്‍ക്കായി താമസിക്കാന്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു.
കൊലയ്‌ക്ക് ശേഷം വീട്ടിലും വീട്ടമ്മയുടെ ശരീരത്തിലുമുണ്ടായിരുന്ന 28 പവന്‍ സ്വര്‍ണ്ണവും പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെടുത്തു. ഹോട്ടല്‍ ജോലി അന്വേഷിച്ചാണ് ഇയാള്‍ അവിടെയെത്തിയത്. വീട്ടിൽ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച കൊല നടന്ന വീട്ടിലെ കാര്‍ ആലപ്പുഴയില്‍ കണ്ടെത്തി.
താഴത്തങ്ങാടി ഷീന മന്‍സലില്‍ ഷീബ(60)നെയാണ് കഴിഞ്ഞ തിങ്കളാഴ്ച കൊലപ്പെടുത്തിയത്.ആക്രമണത്തില്‍ ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലിക്ക് (65) ഗുരുതര പരിക്കേറ്റു. സാലി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ദമ്പതികളുടെ അയല്‍വാസിയായിരുന്ന പ്രതി കവര്‍ച്ച ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്.
പുലര്‍ച്ചെ പ്രതി വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ ഉറക്കമായതിനാല്‍ മടങ്ങി പോയി. പിന്നീട് രാവിലെ വീണ്ടും വന്നു.പരിചയമുള്ളതിനാല്‍ വീട്ടുകാര്‍ സ്വീകരണമുറിയിലിരുത്തി. ഷീബ ബിലാലിന് വെള്ളവും ഭക്ഷണവും നല്‍കി. ഈ സമയം ഷീബയുടെ ഭര്‍ത്താവ് സാലിയും അവിടെയുണ്ടായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെയില്‍ ഷീബ അടുക്കളയിലേക്ക് പോയി. ഈ സമയമാണ് പ്രതി സാലിയെ ആക്രമിക്കുന്നത്.
സ്വീകരണമുറിയിലുണ്ടായിരുന്ന ടീപ്പോ ഉപയോഗിച്ച് സാലിയെ തലയ്‌ക്ക് അടിച്ച് വീഴ്‌ത്തി. ശബ്ദം കേട്ട് ഷീബ ഓടിയെത്തിയപ്പോള്‍ അവരയെും തലയ്‌ക്കടിച്ചു. അക്രമിക്കുന്നതിനിടെയില്‍ ടീപ്പോ ഒടിഞ്ഞു. പിന്നീട് അതിന്റെ കാല്‍ ഉപയോഗിച്ച് മാറി മാറി അടിക്കുകയായിരുന്നു. ഇടയ്‌ക്ക് സാലി തലയുര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും അടിച്ചു. ദമ്പതിമാരുടെ മരണം ഉറപ്പാക്കാനാണ് ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിക്കാന്‍ ശ്രമിച്ചത്.
കൂടാതെ ഗ്യാസ് സിലണ്ടറിന്റെ നോബും തുറന്ന് വച്ചു. ഇതിന് ശേഷം ബെഡ് റൂമില്‍ കയറി അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും കവര്‍ന്നു.ഷീബയുടെ ശരീരത്തിലെ ആഭരണങ്ങളും കവര്‍ന്നു. തുടര്‍ന്ന് കാറിന്റെ കീയും കൈക്കിലാക്കി വീടിന്റെ മുന്‍വാതില്‍ കൂടി ഇറങ്ങി കാറുമായി രക്ഷപ്പെട്ടു. ചെങ്ങളത്തെ പട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം ആലപ്പുഴയ്‌ക്കാണ് പോയത്. ഗവ. മുഹമ്മദന്‍സ് സ്‌കൂളിന് അടുത്തായി കാര്‍ ഉപേക്ഷിച്ച ശേഷം കൊച്ചിയിലേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: