കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം ഹോം ഗ്രൗണ്ടായി അനുവദിക്കുന്നതിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തി. കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
അടുത്ത സീസണില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കോഴിക്കോട്ട് നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കാനാണ് തീരുമാനം. ഗ്രൗണ്ടിന്റെ നിലവിലുള്ള സ്ഥിതിയും ഗ്രൗണ്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചും ലിസ്റ്റ് തയ്യാറാക്കുന്നതിനും അടിയന്തര പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കുന്നതിനും കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി.
ഗ്രൗണ്ടില്‍ നിലവിലുള്ള ഫ്ളഡ്ലൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് സ്ഥാപിക്കേണ്ട സാധനങ്ങളുടെ സ്പെസിഫിക്കേഷനും തയ്യാറാക്കും. വിഐപി, വിവിഐപി, കളിക്കാര്‍ എന്നിവര്‍ നിലവില്‍ ഒരേ പവലിയനിലൂടെയാണ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത്, ഇതിന് മാറ്റം വരുത്തണം. ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈ- ഫൈ സൗകര്യം ഏര്‍പ്പെടുത്തല്‍ ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഗ്രൗണ്ട് നവീകരിക്കുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് സന്നദ്ധതയുള്ള ഏജന്‍സിയെ കണ്ടെത്താനും യോഗം തീരുമാനിച്ചു. അടുത്ത യോഗം 10ന് മേയറുടെ ചേംബറില്‍ ചേരും.
എ. പ്രദീപ്കുമാര്‍ എംഎല്‍എ, ബ്ലാസ്റ്റേഴ്സ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാര്‍ത്ഥ് പി. ശശി, ജോബി ജോബ് ജോസഫ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് വേണ്ടി പി. ഹരിദാസന്, രാജീവ് മേനോന്, എം.പി. ഹൈദ്രോസ്, സ്റ്റേഡിയം പ്രവൃത്തിയുടെ ആര്‍ക്കിടെക്റ്റ് ആര്.കെ. രമേഷ്, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.ജി. സന്ദീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: