ഇടുക്കി: ഹൈക്കോടതിയില്‍ വ്യാജപട്ടയം നല്കി 12 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതീവ ഗൗരവകരമായ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരെല്ലാം പരാതി ലഭിച്ച് രണ്ടര വര്‍ഷത്തോട് അടുക്കുമ്പോഴും സുരക്ഷിതമായി കഴിയുകയാണ്. പിന്നില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള വന്‍ ഭൂമാഫിയ.
സംഭവത്തില്‍ റവന്യൂ വകുപ്പ് സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുവാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വഴി വെട്ടാനായി സഹായം നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ നല്കിയ കത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേശയില്‍ വെളിച്ചം കാണാതെ കിടക്കുന്നു.
ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ നടുപ്പാറ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍പ്പെട്ട ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ 2018 ജനുവരി രണ്ടിന് പാലാ മുത്തോലി സ്വദേശിയും ജന്മഭൂമി മുന്‍ ജില്ലാ ലേഖകനുമായ ഡോ. സംഗീത് രവീന്ദ്രന് ലാന്‍ഡ് ആന്റ് റവന്യൂ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ അന്വേഷണം നടത്തി നവംബര്‍ മൂന്നിന് റിപ്പോര്‍ട്ടും നല്കി.
അന്വേഷണത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായും പഞ്ചായത്തിലെ അസ്തി രജിസ്റ്ററില്‍ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് സംസ്ഥാന വിജിലന്‍സിന് ഡയറക്ടര്‍ക്ക് കൈമാറി. വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കുമെതിരെ സ്ഥലമാറ്റ നടപടിയും വന്നു. സംഭവത്തില്‍ ഒന്നര വര്‍ഷത്തിലധികമായി കോട്ടയം വിജിലന്‍സ് അന്വേഷണം നടത്തി വരികയാണ്.
ഭൂമിക്ക് കരം അടക്കാന്‍ അനുവദി നല്‍കണമെന്ന് കാട്ടി എം.ബി. സാജന്, സോണി മഠത്തില്‍ എന്നിവരടങ്ങിയ സംഘമാണ് 12 ഏക്കര്‍ ഭൂമിക്ക് എട്ട് പട്ടയങ്ങളുമായി കോടതിയെ സമീപിച്ചത്. ആവശ്യം പരിഗണിച്ച് കോടതി പട്ടയത്തിന്റെ കോപ്പി സഹിതം ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നല്കി. ഇദ്ദേഹം നടത്തിയ പരിശോധനയില്‍ എട്ടില്‍ ഏഴും വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഇത് കാണിച്ച് റിപ്പോര്‍ട്ടും നല്കി. പോലീസില്‍ പരാതി നല്‍കാതെ ഒളിച്ച് കളിച്ചു.
എത്രയും വേഗം നടപടി വേണം
സംഭവത്തില്‍ സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും സര്‍ക്കാര്‍ ഭൂമി അന്വാധീനപ്പെട്ട് പോകരുതെന്നും പരാതിക്കാരനായ ഡോ. സംഗീത് രവീന്ദ്രന് ജന്മഭൂമിയോട് പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന അതിസുന്ദരമായ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി അത് ഹൈക്കോടതിയില്‍ നല്കി. ഇതിന് പിന്നില്‍ വലിയ തട്ടിപ്പുണ്ട്, ഇവ ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: