ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നതില്‍ സംശയമില്ല. അതിന് മുന്നിട്ടിറങ്ങാനുള്ള കേരളത്തിന്റെ സന്നദ്ധതയും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. സാക്ഷരതയില്‍ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനമാണെങ്കിലും വിദ്യാഭ്യാസ രംഗത്ത് കുറച്ചുകൂടി മുന്നൊരുക്കത്തിന്റെയും അഭാവം കേരളത്തിലുണ്ടെന്നത് കാണാതിരുന്നുകൂടാ. പതിനാലുകാരി ദേവികയുടെ വിയോഗം മുന്നൊരുക്കവും ജാഗ്രതക്കുറുവും കൊണ്ട് മാത്രം ഉണ്ടായതാണ്. അതുകൊണ്ടുതന്നെ ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് മാറി നില്‍ക്കാനോ മാപ്പുനല്‍കാനോ സാധിക്കുന്നതല്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും ഒരുപാട് പാളിച്ചകളും പാകപ്പിഴവുകളുമുണ്ട്. അതുകൊണ്ട് തന്നെ പുതിയ പഠന സംവിധാനത്തിന്റെ പരിമിതികള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് കടമ്പകള്‍ തന്നെയാണ്.
ഭേദപ്പെട്ട ടെലിവിഷനോ സാങ്കേതിക മികവുള്ള ടെലഫോണോ ഇല്ലാത്ത കുടിലുകള്‍ നിരവധിയുണ്ട്. അവിടങ്ങളില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികളുമുണ്ട്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ കാണാത്ത കുട്ടികളും ഗ്രാമങ്ങളിലുണ്ട്. അവരെ കണ്ടെത്താനോ പഠനസൗകര്യങ്ങള്‍ ഒരുക്കാനോ കാര്യമായ ശ്രമം നടത്തേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നുവേണം അനുമാനിക്കാന്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതിന്റെ ദുരന്തമാണ് വളാഞ്ചേരിയിലുണ്ടായത്. ദേവികയുടെ വീടുപോലുള്ള വീടുകളും കുട്ടികളെയും കണ്ടെത്തി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയേ മതിയാകൂ. അതിന് തിരുവനന്തപുരത്ത് നിന്ന് തിട്ടൂരം വരുംവരെ കാത്തിരിക്കാന്‍ പറ്റില്ല. പ്രാദേശിക ഭരണ സംവിധാനം നമുക്കുണ്ട്. അവര്‍ക്കാവശ്യ ഫണ്ടില്ലെങ്കില്‍ അത് സ്വരൂപിക്കാന്‍ കഴിയണം. മാസാമാസം ആയിരക്കണക്കിന് കോടി രൂപ കടമെടുക്കുന്നതല്ലാതെ അതൊക്കെ എങ്ങനെ ചെലവാക്കുന്നു എന്ന് ബോദ്ധ്യപ്പെടുന്ന കണക്കുപോ
ലും മുന്നോട്ടുവയ്ക്കുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്ല സംഖ്യയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. അത് യഥാവിധിയാണോ ചെലവാക്കുന്നതെന്ന വിശദീകരണമില്ല. പട്ടികജാതി-വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന തുകയില്‍ എത്രമാത്രം അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ ലഭിക്കുന്നു എന്നതിനുപോലും വ്യക്തമായ വിവരമില്ല. ഇടത്തട്ടുകാരും, കരാറുകാരും ഉദ്യോഗസ്ഥ പ്രമാണിമാരും ചില രാഷ്ട്രീയ കങ്കാണിമാരുമെല്ലാം കാശ് തട്ടിയെടുക്കുന്നു എന്ന ആരോപണം വര്‍ഷങ്ങളായിട്ടുണ്ട്. പക്ഷേ ഇതിന്റെയൊക്കെ പേരില്‍ ആരും ശിക്ഷിക്കപ്പെടുന്ന ചരിത്രമില്ല.
വനവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്ക് അനുവദിച്ച പണത്തിന്റെ വലിപ്പം അറിയുമ്പോള്‍ ആരും ഞെട്ടിപ്പോകും. പത്തും ഇരുപതും വര്‍ഷം പണി തുടര്‍ന്നാലും വനമേഖലയില്‍ കാണുന്നത് പണി തീരാത്ത വീടുകളാണ്. കോളനികളില്‍ ശുചിമുറികളില്ല. തോരാത്ത മേല്‍ക്കൂരകളില്ല. വനവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. അതിന് ഐക്യകണ്ഠ്യേന നിയമസഭ പ്രമേയവും പാസ്സാക്കി. ആ നിയമം അസാധുവാക്കാന്‍ മറ്റൊരു നിയമം പാസ്സാക്കുന്നതും കേരളം കണ്ടു. പാവപ്പെട്ടവരുടെ പരിരക്ഷ സര്‍ക്കാരിന്റെ പരിഗണനയില്‍ പ്രഥമസ്ഥാനമായി കാണാനും കഴിഞ്ഞിട്ടില്ല. സൗജന്യമായി പാവപ്പെട്ടവര്‍ക്ക് നല്കുന്ന അരിപോലും അടിച്ചുമാറ്റുന്ന സര്‍ക്കാരും സംവിധാനവും ഇവിടെ സജീവമാണ്. അതുകൊണ്ടാണല്ലോ കോളനികളില്‍ പട്ടിണി മരണവും പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങളും ഉണ്ടാകുന്നത്. ഒരു നേരത്തെ ആഹാരത്തിനായി ഭക്ഷ്യ ധാന്യം മോഷ്ടിക്കേണ്ട സാഹചര്യവും അതുകൊണ്ടാണല്ലൊ. അങ്ങനെയുള്ള ഫോണും ടാബും ഉപയോഗിച്ച് പൊടുന്നനെ പഠനം തുടങ്ങുമ്പോള്‍ പഠിക്കാന്‍ കൊതിക്കുന്ന പാവപ്പെട്ട കുരുന്നുകള്‍ക്ക് പിടിച്ചു നില്ക്കാന് കഴിയണമെന്നില്ല. സര്‍ക്കാരും സമൂഹവും തദ്ദേശ ഭരണക്കാരും ഇതൊക്കെ തിരിച്ചറിഞ്ഞേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: