കണ്ണൂര്‍: ലോക്ഡൗണ്‍ കാലയളവില്‍ മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കി വരുന്ന സാഹചര്യത്തില്‍ ശ്രീ കൊട്ടിയൂര്‍ ഉത്സവത്തിനും ഇളവ് ബാധകമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന സംഘടന സെക്രട്ടറി പി.പി. മുകുന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ഘട്ടത്തില്‍ പോലും ആഘോഷദിവസത്തില്‍ പ്രത്യേക ആനൂകൂല്യം നല്‍കിയ നടപടി നേരത്തെ നടപ്പിലാക്കിയിരുന്നു. അതിനാല്‍ കൊട്ടിയൂരുത്സവത്തിന് ഭക്തരെ അകാരണമായി നിയന്ത്രിക്കുന്നത് വിശ്വാസസമൂഹത്തെ വഞ്ചിക്കുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞു.അത്യപൂര്‍വ്വമായ ക്ഷേത്രാചാര സംസ്‌ക്കാരമാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേത്. വര്‍ഷത്തിലൊരിക്കല്‍ വൈശാഖ മാസത്തില്‍ മാത്രമാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നത്. ഈ നിശ്ചിത ദിവസങ്ങളില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കുചേരാന്‍ ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുത്ത് ഒരുങ്ങുന്നത്.
വനാന്തരത്തില്‍ പ്രകൃതിയോട് ഏറ്റവും ഇണങ്ങി നടത്തുന്ന ഉത്സവച്ചടങ്ങ് ഇന്നത്തെ സാഹചര്യത്തില്‍ നിയന്ത്രിതമായ ഭക്തജന പങ്കാളിത്തത്തോടെ വേണം നടത്തപ്പെടാന്‍. എന്നാല്‍ അതിനു വിരുദ്ധമായി ഇത്തവണ ഭക്തര്‍ക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നീക്കം അപലപനീയമാണെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: