ന്യൂദല്‍ഹി: ഭക്ഷണം തേടിയിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്‌ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്‍കി കൊന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം. ഹോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്രൂരതക്കെതിരെ രംഗത്തുവന്നു. ഈ ക്രൂരസംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അതേസമയം, ആനയെ കൈതച്ചക്കയ്‌ക്കുള്ളില്‍ പടക്കം വെച്ച് കൊന്ന സാമൂഹിക വിരുദ്ധരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെക്കുറിച്ച് വിവിരം നല്‍കുന്നവര്‍ക്ക് 50,000 രൂപ നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. മെയ് 27നാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് വെള്ളിയാര്‍ പുഴയില്‍ വച്ച് ഗര്‍ഭിണിയായ ആന ഭക്ഷണം എടുക്കാനാവാതെ ചരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: