Friday, December 8, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പെരുമഴ പെയ്യുന്ന നേരത്ത്

മഴ ഒരു വികാരമാണ്. ആത്മാവും ശരീരവുമെല്ലാം ആഹ്ലാദത്തിമിര്‍പ്പിലാകുന്ന വികാരം. ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നത് പ്രണയാര്‍ദ്രമായ മനസ്സുകളിലേക്കാണ്. മഴ പ്രണയമാണ്. മഴ സന്തോഷമാണ്. മഴ ഭക്തിയാണ്. മഴ വിശപ്പും സമൃദ്ധിയുമാണ്. മഴ എല്ലാമാണ്...

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jun 3, 2020, 07:59 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

”മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമ കൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി!….”

  (ഖസാക്കിന്റെ ഇതിഹാസം)-  ഒ.വി.വിജയന്‍

വീണ്ടും മഴക്കാലം. മനസ്സില്‍ നിറയുന്നത് ഗൃഹാതുരമായ ഓര്‍മ്മകള്‍. ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന പ്രഭാതത്തില്‍ പുത്തന്‍ ഉടുപ്പിനുള്ളില്‍ മഴനനയാതെ പുസ്തകം ഒതുക്കിവച്ച് സ്‌കൂളില്‍ പോയിരുന്ന കാലം. മഴപെയ്ത് വെള്ളം മൂടിക്കിടന്ന വയല്‍ വരമ്പിലൂടെ വെള്ളം തെറ്റിത്തെറിപ്പിച്ചും മീന്‍കുഞ്ഞുങ്ങളെ കൈകളില്‍ കോരിയെടുക്കാന്‍ ശ്രമിച്ചും സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്ന സായാഹ്നങ്ങള്‍. ഇടവപ്പാതി മഴയുടെ തണുപ്പിനെ മുഴുവന്‍ ആവാഹിച്ച കുളത്തിലെ വെള്ളത്തിലേക്ക് എടുത്തുചാടിക്കളിച്ചു മറിഞ്ഞ വൈകുന്നേരങ്ങള്‍. കുളത്തില്‍ മഴപെയ്യുമ്പോള്‍ വെള്ളത്തില്‍ നീന്തിത്തുടിക്കുന്നത് എന്തു രസമാണെന്നോ.

മഴ ഒരു വികാരമാണ്. ആത്മാവും ശരീരവുമെല്ലാം ആഹ്ലാദത്തിമിര്‍പ്പിലാകുന്ന വികാരം. ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നത് പ്രണയാര്‍ദ്രമായ മനസ്സുകളിലേക്കാണ്. മഴ പ്രണയമാണ്. മഴ സന്തോഷമാണ്. മഴ ഭക്തിയാണ്. മഴ വിശപ്പും സമൃദ്ധിയുമാണ്. മഴ എല്ലാമാണ്….

എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴയ്‌ക്കുണ്ട്. പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും. കടുത്തവേനലില്‍ ഇറ്റു മഴക്കായി ദാഹിച്ചിരിക്കുമ്പോഴാണ് മണ്‍സൂണ്‍ വരുന്നത്. എല്ലാത്തിനെയും തണുപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന മാസ്മര ശക്തിയുമായി..

മണ്‍സൂണ്‍ മഴയല്ല. കാറ്റാണ്. മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെ ഉപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്. മണ്‍സൂണിന് ഒരു നാട്ടുപേരുണ്ട്. ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെയുണ്ട്. കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞു തന്നത് അറബികളാണ്. ഒരു പ്രത്യേക കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാറ്റു കൃത്യമായി വീശുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്‌കരിച്ചത്.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നത്. ചൂടു പിടിച്ച വായു അന്തരീക്ഷത്തിലേക്കുയര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂടാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍ കാറ്റുവരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തില്‍ ഒപ്പിയെടുത്തുകൊണ്ടാണ് യാത്ര. അത് അറബിക്കടലിലൂടെ വന്ന് ആദ്യം തിരുവനന്തപുരത്ത് മഴയായി പെയ്യുന്നു.

”പെരുമഴ വരുന്നതു കാണാം. അകലത്തെ താഴ്വാരത്തില്‍ നിന്ന് കയറി മേച്ചില്‍പ്പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്പനിമിഷങ്ങളില്‍ അതു നില്‍ക്കുന്നു. മേയുന്ന കന്നുകാലികള്‍ അപ്പോഴേക്കും കൂട്ടു കൂടിക്കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പു താഴ്‌ത്തിപ്പിടിക്കുകയും ചെയ്യുന്നതു കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലേക്കിറങ്ങി, പാടം കടന്ന് പുഴയ്‌ക്കു മുകളിലെത്തൂ. വരുന്നതു പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം.”

(മഴ പെയ്യണ പെയ്യല്-എം.ടി.വാസുദേവന്‍നായര്‍)

ഒ.വി.വിജയന്‍,എം.ടി.വാസുദേവന്‍നായര്‍,നന്തനാര്‍

”സമയം വൈകുന്നേരം 4.50. നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഴ തുടങ്ങുകയായി. മണ്‍സൂണ്‍!, കാത്തിരുന്ന മഴ. മരങ്ങള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ മേഘങ്ങള്‍ പാഞ്ഞു പോകുന്നു. പെട്ടന്നൊരു മിന്നല്‍, കാതടപ്പിക്കുന്ന ഇടിമുഴക്കം. മണ്‍സൂണിന്റെ ആദ്യമഴത്തുള്ളികള്‍ക്ക് അകമ്പടിയായി മിന്നലും. മണ്‍സൂണ്‍ കൊച്ചി നഗരത്തിലേക്ക് കടന്നു വരികയാണ്…..”

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ വിവരണം തുടങ്ങുന്നതിങ്ങനെയാണ്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് ഒരു വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ഒരു ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ ദൃക്‌സാക്ഷി വിവരണം. ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ മഴയെ, പ്രത്യേകിച്ച് മണ്‍സൂണ്‍ മഴയെ അത്രകണ്ട് സ്‌നേഹിച്ചു. മണ്‍സൂണ്‍ പെയ്തു തുടങ്ങുന്നത് കാണാന്‍ അദ്ദേഹം ഒരിക്കല്‍ കേരളത്തിലെത്തി. കേരളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യ മുഴുവന്‍ പെയ്ത് പിന്നീട് ഉത്തരേന്ത്യയെ തണുപ്പിക്കുന്ന മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ‘ചേസിംഗ് ദ മണ്‍സൂണ്‍’. ഇന്നു വരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം.

‘അമ്മേ, വരൂ വരൂ വെക്കം വെളിയിലേ

യ്‌ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;

എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി

പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!’

ബാലാമണിയമ്മയുടെ പ്രശസ്തമായ ‘മഴവെള്ളത്തില്‍’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ അത്തരം സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ വരെ മഴ കടന്നു വരുന്നു.

മലയാളത്തിന്റെ മഴസാഹിത്യം സമ്പന്നമാണ്. മഴ ഇവിടെ എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാകുന്നു. മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടു പിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.

കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴുത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.

പി.കുഞ്ഞിരാമന്‍ നായര്‍, തകഴി

പി.കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.

‘രാത്രിമഴ, ചുമ്മാതെ

കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ

പിറുപിറുത്തും നീണ്ട

മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നൊരു

യുവതിയാം ഭ്രാന്തിയെപ്പോലെ..’

എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു.

മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോള്‍ മറ്റു ചിലര്‍ക്കത് പേമഴയാകും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത…

‘പ്രളയമാണെങ്ങും

ഇടവരാത്രിതന്‍

കരിമുകില്‍ച്ചിറ

മുറിഞ്ഞു പേമഴ

യിടിഞ്ഞു ചാടുന്നു

ഇടയ്‌ക്കു കൊള്ളിയാന്‍

വെളിച്ചത്തില്‍ക്കാണാം

കടപുഴകിയ

മരങ്ങളും,ചത്ത

മൃഗങ്ങളും,മര്‍ത്ത്യ

ജഡങ്ങളും,ജല

പ്രവാഹത്തില്‍ച്ചുഴ

ന്നൊലിച്ചു പോകുന്നു.’

മഴയെ അത്യധികം പ്രണയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയടച്ച്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.

തിരുവാതിര ഞാറ്റു വേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു. പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു…. നന്തനാരുടെ പ്രശസ്തമായ കഥ ഒരു വര്‍ഷകാല രാത്രി കഥാപ്രേമികളെയും മഴയെ പ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.

ബാലമണിയമ്മ, സുഗതകുമാരി

തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ പ്രശസ്തമാണ്.

‘നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ….’

വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കിടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല. ഇന്നത്തെ പോലെ കണക്കറിയാനുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു.

‘അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.

കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ…..’ ടി.പത്മനാഭന്റെ മഴ, ഒടുവിലത്തെ മഴ എന്ന കഥയില്‍നിന്നാണിത്.

മഴ സിനിമയിലും ഒഴിച്ചുകൂടാനാകാത്തതാണ്. മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍’ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.

‘കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്‌നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ…’ തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.

മഴ ഒരു കഥാപാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ പിറവിയില്‍ മഴ കഥാപാത്രമാണ്. മഴയെ കൂടാതെ ആ ചലച്ചിത്രത്തിന് ജീവനില്ലെന്ന് തോന്നിപ്പോകും. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ ‘പെരുമഴക്കാല’ത്തില്‍ മഴ ദുഃഖവും ഒപ്പം സന്തോഷവുമാണ്.

മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. കേരളത്തിലെ മഴ ഭംഗിയെ ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ. ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന് അദ്ദേഹം ലോകത്തിനായി എഴുതിവച്ചു.

ഫ്രേറ്റര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ മഴ വന്നിരുന്നില്ല. ആര്‍ത്തിരമ്പി വന്ന മഴയെ സ്വീകരിക്കാന്‍ 1987 ലെ മണ്‍സൂണ്‍ കാലത്ത് കോവളം കടല്‍തീരത്ത് നിന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞ് കോവളം തീരത്ത് നൃത്തം വച്ചത് പുസ്തകത്തില്‍ ഫ്രേറ്റര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴയ്‌ക്കൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊല്ലത്തും കൊച്ചിയിലും മഴ എത്തിയപ്പോള്‍ ഫ്രേറ്ററും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടും അവിടെനിന്ന് ഗോവയിലും മഴയോടൊപ്പം ഫ്രേറ്റര്‍ എത്തി. ലോകത്തേറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപൂഞ്ചിയിലും അദ്ദേഹം മഴയുടെ വേഗത്തില്‍ യാത്രചെയ്തെത്തി.

മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ ഇടവപ്പാതിയെത്തുകയെന്നത് കണക്കാണ്. അതിനു മാറ്റം വരാറില്ല. ഇത്തവണയും ഇടവപ്പാതി വന്നു. ഇടമുറിയാതെ പെയ്തു നിറയ്‌ക്കാന്‍…..പക്ഷെ, മഴയ്‌ക്ക് നയ്‌ക്കാന്‍ സ്‌കൂള്‍ കുട്ടികളുണ്ടായില്ലെന്ന് മാത്രം. കുട്ടികളെല്ലാം വീട്ടിലിരുന്ന് മഴ കണ്ടു…

മഴയെ വര്‍ണ്ണിച്ച എ.അയ്യപ്പന്റെ വരികളിതാ…

”…പുലിത്തോലുടുത്തവന്‍

പുറത്തു കടന്നിരിക്കുന്നു.

മഴയ്‌ക്ക്

പാമ്പിന്റെ ഭാവവും

ഉടുക്കിന്റെ മേളവും

താണ്ഡവത്തിന്റെ താളവും.

പുറത്ത് ചുവന്ന മഴ ചീറിപ്പെയ്തുകൊണ്ടിരുന്നു.

ആ മഴ

അത്താഴത്തിനു വരേണ്ട

അഞ്ചു പേരുടെ ചോരയായിരുന്നു…”

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പോ നിരക്കില്‍ മാറ്റമില്ല,​ 4 ശതമാനത്തില്‍ തുടരും; വിപണിയില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ
India

തുടര്‍ച്ചയായി അഞ്ചാം തവണയും മാറ്റമില്ല; ആര്‍ബിഐ റിപ്പോ നിരക്ക് 6.5 ശതമാനം

എബിവിപി ദേശീയ സമ്മേളനം: ചരിത്രത്തിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം
ABVP

എബിവിപി ദേശീയ സമ്മേളനം: ചരിത്രത്തിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്
Kerala

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി
India

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം
Kerala

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം

പുതിയ വാര്‍ത്തകള്‍

റിപ്പോ നിരക്കില്‍ മാറ്റമില്ല,​ 4 ശതമാനത്തില്‍ തുടരും; വിപണിയില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ

തുടര്‍ച്ചയായി അഞ്ചാം തവണയും മാറ്റമില്ല; ആര്‍ബിഐ റിപ്പോ നിരക്ക് 6.5 ശതമാനം

എബിവിപി ദേശീയ സമ്മേളനം: ചരിത്രത്തിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം

എബിവിപി ദേശീയ സമ്മേളനം: ചരിത്രത്തിലേക്ക് വെളിച്ചം വീശി പ്രദര്‍ശനം

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

മന്ത്രി ദേവര്‍കോവിലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് അന്വേഷണം; കോടതി വിധിച്ച ശിക്ഷയില്‍ പോലീസ് അന്വേഷണത്തിന് പിണറായിയുടെ ഉത്തരവ്

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി

2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കുക ലക്ഷ്യം; മൂന്ന് വര്‍ഷത്തിനകം ആദ്യഘട്ട ബുള്ളറ്റ് ട്രെയിനുകള്‍ ട്രാക്കിലാകും: കേന്ദ്രമന്ത്രി

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം

ശബരീശനെ കാണാന്‍ അവരെത്തി; വനവിഭവങ്ങളുമായി വന്നത് 107 പേരടങ്ങുന്ന സംഘം

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

കായികവികസനത്തിന് 3566.68 കോടിയുടെ കേന്ദ്ര അനുമതി; രാജ്യത്ത് ഇതിനായി 340 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മോദി സര്‍ക്കാര്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist