കോട്ടയം: നെല്ലിന്റെ സംഭരണവില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ജില്ലയിലെ നെല്‍കര്‍ഷകര്‍. ക്വിന്റലിന് 50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി ലഭിച്ചിരുന്നത് 1815 രൂപയായിരുന്നു. വര്‍ദ്ധനവ് വന്നതോടെ ഇനിമുതല്‍ 1865 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി കര്‍ഷകരിലേക്ക് എത്തും.
സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 880 രൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 880 രൂപയും ചേര്‍ത്ത് 2748 രൂപ ഒരു ക്വിന്റല്‍ നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിച്ചപോലെ അടിയന്തിരമായി സംസ്ഥാന സര്‍ക്കാരും താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നെല്‍കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് പാടങ്ങള്‍ ദിനം പ്രതി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
നെല്‍ക്കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതത്തില്‍ ആനുപാതികമായ വര്‍ദ്ധനവ് വരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നെല്ലിന്റെ താങ്ങുവിലയില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ കൃഷി ചിലവുകളിലും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. രാസവള- കീടനാശിനി കമ്പനികള്‍ വലിയ തോതിലാണ് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നത്. ഇത് പലപ്പോഴും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. വളത്തിനും, കീടനാശിനികളുടെയും വില വര്‍ദ്ധനവിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: