കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അടിസ്ഥാന സൗകര്യ മില്ലെന്ന കാരണത്താല്‍ മനംനൊന്ത് വളാഞ്ചേരിയില്‍ ദലിത് കുടുംബത്തിലെ ഒമ്പതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയം കോര്പറേഷന് കൗണ്‍സില്‍ യോഗം വോട്ടിനിട്ടുതള്ളി.
സര്‍ക്കാറിന്റെ ധൃതിപിടിച്ചെടുത്ത തീരുമാനം കാരണമാണ് വിദ്യാര്‍ത്ഥിനിയുടെ ദാരുണമരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിലെ അഡ്വ. പി.എം. നിയാസ് പറഞ്ഞു. സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ എടുത്ത തീരുമാനമാണ് ദുരന്തത്തിന് പരോക്ഷമായിട്ടെങ്കിലും കാരണമായത്. ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിന്റേത് ധൃതിപിടിച്ച നടപടിയാണെന്നും മുന്നൊരുക്കമില്ലാതെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും ഇ. പ്രശാന്ത് കുമാറും പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്, യുഡിഎഫ് കൗണ്‍സിലര്‍മാരായ എസ്.വി. മുഹമ്മദ് ഷമീല്‍, പി. ഉഷാദേവി, അഡ്വ. വിദ്യാബാലകൃഷ്ണന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രമേയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായ ഭരണപക്ഷം പക്ഷെ പ്രമേയം രാഷ്ട്രീയപ്രരിതമാണെന്ന ആരോപണമാണ് ഉന്നയിച്ചത്. സര്‍ക്കാര്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞതാണെന്നും കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.വി. ബാബുരാജ് പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരണം എന്നാണ് എല്ലാവരുടെയും അബിപ്രായം. സര്‍ക്കാര്‍ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും ബാബുരാജ് പറഞ്ഞു. എം. രാധാകൃഷ്ണന്, എം.സി. അനില്‍കുമാര്‍, പി. കിഷന്‍ചന്ദ് എന്നിവരും പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: