ഇടുക്കി: കാലവർഷം എത്തിയപ്പോൾ വൈദ്യുതി ബോർഡിന് കീഴിലുള്ള സംഭരണികളിലാകെ അവശേഷിക്കുന്നത് 26.38% വെള്ളം. മുൻ വർഷത്തേക്കാൾ 10.66 % കൂടുതലാണിത്. കാലവർഷം ശക്തമാകുമെന്ന പ്രവചനം ഉള്ളതിനാൽ കഴിഞ്ഞ രണ്ട് വർഷത്തെ ദുരനുഭവങ്ങൾ ജനങ്ങളെ ആശങ്കയിലാക്കുന്നു. നിലവിലുള്ള വെള്ളം ഉപയോഗിച്ച് 1092. 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
കെഎസ്ഇബിയുടെ ജല വിനിയോഗ തത്വം പ്രകാരം ഒരു മഴ വർഷം അവസാനിക്കുമ്പോൾ (മെയ് 31 ന് ) പരമാവധി 500-650 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് കാണേണ്ടത്. കൊറോണയെ തുടർന്ന് ലോക്ക് ഡൗൺ വന്നതാണ് ഇത്തരത്തിൻ അധികമായി വെള്ളം അവശേഷിക്കാൻ കാരണം. ഇതിനൊപ്പം ഇടുക്കിയില്ലെ ജനറേറ്റർ തകരാറും വില്ലനായി. സംഭരണ ശേഷി കൂടിയ പമ്പ – കക്കി ഡാമുകളിൽ 13 % ആണ് ജലശേഖരം. ഇടമലയാർ – 16, ഷോളയാർ-16, കുണ്ടള – 13, മാട്ടുപ്പെട്ടി -28, കുറ്റ്യാടി – 23, തരിയോട് – 14, ആനയിറങ്കൽ – 2, ‘ പൊൻമുടി – 16, നേര്യമംഗലം- 42, പെരിങ്ങൽകുത്ത് – 25, ലോവർപെരിയാർ – 57% എന്നിങ്ങനെ ആണ് ജലശേഖരം. വിവിധ സംഭരണികളുടെ പദ്ധതി പ്രദേശത്ത് മഴ തുടരുകയാണ്. കഴിഞ്ഞ മാസം 110.247 ദശലക്ഷം യൂണിറ്റിന് വേണ്ട വെള്ളം ഒഴുകിയെത്തി. ആകെ 2191.29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ ഇലവൈദ്യുത പദ്ധതിയിൽ നിന്ന് 670.1806 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിച്ചു.
ഇടുക്കിയിൽ 17% കൂടുതൽ
സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ അവശേഷിക്കുന്നത് 36.32% വെള്ളം, 2338.13 അടി. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 19.49% ആയിരുന്നു. അതായത് 17% വെള്ളം കൂടുതൽ.
വൈദ്യുതി ബോർഡിന്റെ ഡാമുകളിലുള്ള ആകെ വെള്ളത്തിന്റെ 52% ഇടുക്കിയിൽ ആണ് സംഭരിക്കാനാവുക. സാധാരണയായി മൊത്തം സംഭരണ ശേഷി കുറയുന്നത് ഇടുക്കി വെ അടിസ്ഥാനമാക്കി ആയിരുന്നു. എന്നാൽ ഈ വർഷം തകരാർ അത് മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം മുതൽ ഒരു ജനറേറ്റർ കൂടി എത്തിയതിനാൽ ഉദ്പാദനം കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: