തിരുവനന്തപുരം: പമ്പയിലെ മണല്‍ നീക്കം തടഞ്ഞ് വനംവകുപ്പ്. പമ്പയിലെ മണല്‍ എടുത്ത് പുറത്തുകൊണ്ടു പോകരുതെന്ന് കാട്ടി വനംവകുപ്പ് സെക്രട്ടറി ആശ തോമസ് ഉത്തരവിട്ടു. മണലിന്റെ വില ഉടന്‍ നിശ്ചയിക്കുമെന്നും അതിനു ശേഷമേ മണല്‍നീക്കം നടത്താവൂ എന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ച മണല്‍ നീക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വനംവകുപ്പ് അറിയാതെയാണ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിനു തൊട്ടുമുന്‍പ് ഹെലികോപ്റ്ററില്‍ എത്ത് മണല്‍ നീക്കാന്‍ വാക്കാല്‍ ഉത്തരവിട്ടത്. ഇതു വിവാദമായിരുന്നു. വിഷയത്തില്‍ സിപിഐ ഭരിക്കുന്ന വനംവകുപ്പിനെ നോക്കുകുത്തിയാക്കി സിപിഎം കാര്യങ്ങള്‍ നീക്കുന്നെന്ന വിലയിരുത്തലുണ്ടായി. ഇതോടെയാണ് സിപിഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിഷയത്തില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ വനംമന്ത്രി കെ.രാജുവിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് വനംസെക്രട്ടറി അടിയന്തര ഉത്തരവിറക്കിയത്.
മണല്‍ നീക്കുന്നതിന് കേരള ക്ലേയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറിയാണ് ഏപ്രില്‍ ആദ്യവാരത്തോടെ ആവശ്യം ഉന്നയിച്ചത്. സൗജന്യമായി മണല്‍ നീക്കത്തിനുള്ള അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, കണ്ണൂര്‍ ആസ്ഥാനമായുള്ള ഈ പൊതുമേഖല സ്ഥാപനത്തിന് മണല്‍നീക്കാന്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ സ്വകാര്യകമ്പനിയെയാണ് ഏല്‍പ്പിച്ചത്. ഇതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പമ്പയിലെ ചെളി, പ്ലാസ്റ്റിക്, തുണി, ഇതര അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനാണ് പത്തനംതിട്ട കളക്റ്റര്‍ അനുമതി നല്‍കിയത്. ഇതിന്റെ മറവില്‍ മണല്‍ നീക്കവും തുടങ്ങുകയായിരുന്നു. മെയ് 20 ന് ഈ വിഷയത്തില്‍ വനം വകുപ്പ് തടസവാദം ഉന്നയിക്കുകയും മണല്‍ നീക്കം തടയുകയുമായിരുന്നു.പിന്നാലെ കഴിഞ്ഞമാസം 29 ന് മുന്‍ ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി അടക്കമുള്ളവര്‍ ഹെലികോപ്റ്ററില്‍ എത്തി മണല്‍ നീക്കാന്‍ വാക്കാല്‍ ഉത്തരവ് നല്‍കുകയായിരുന്നു.
വനം വകുപ്പിന്റെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ടതില്ലെന്നും മണല്‍ നീക്കത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വാക്കാല്‍ ഉത്തരവ് നല്കി. വളരെ രൂക്ഷമായ ഭാഷയിലാണ് അന്ത്യശാസനമെന്ന് തരത്തില്‍ ടോം ജോസ് യോഗത്തില്‍ മണല്‍ നീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, വനംവകുപ്പിന്റെ അനുമതി ഇല്ലാതെ മണല്‍ നീക്കരുതെന്ന നിര്‍ദേശം വന്നതോടു കൂടി വിഷയത്തില്‍ സിപിഐ-സിപിഎം പോര് മുറുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: