കുറ്റ്യാടി: കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യകച്ചവടക്കാരന് കുറ്റ്യാടി മാര്‍ക്കറ്റിലും എത്തിയെന്ന് വ്യക്തമാക്കിയതോടെ കുറ്റ്യാടി ടൗണ്‍ നിയന്ത്രിത മേഖലയായി. ഇന്നലെ രാവിലെ ടൗണിലെ കടകള്‍ അടപ്പിക്കുകയും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തലാക്കുകയും റോഡുകള്‍ അടച്ചിടുകയും ചെയ്തതോടെ ജനങ്ങള്‍ പെരുവഴിയിലായി. തൂണേരിയിലെ മീന്‍ കച്ചവടക്കാരന് കുറ്റ്യാടിയില്‍ എത്തിയിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസും പറയുന്നതെന്നാണ് ഇന്നലെ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന് വിശദീകരിച്ചത്.
എന്നാല്‍ ഇയാള്‍ കുറ്റ്യാടിയില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോള്‍ കുറ്റ്യാടി പഞ്ചായത്ത് ഒഴിവായിപ്പോയത് പിശക് മൂലമാണെന്നും ഒന്നാം തീയതി വീഡിയോ കോണ്‍ഫറന്‍സില്‍ കലക്ടര്‍ വ്യക്തമാക്കിയതായി അദ്ദേഹം പത്രകുറിപ്പില്‍ വിശദീകരിച്ചു.
അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുമാണ് പത്രകുറിപ്പില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്ശനമാക്കുന്നതറിയാതെ പല ആവശ്യങ്ങള്‍ക്കായി കുറ്റ്യാടിയില്‍ എത്തിയവരും കുറ്റ്യാടിയില്‍ നിന്ന് പുറത്തു പോയവരുമാണ് ബുദ്ധിമുട്ടിയത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്കടക്കം പോകേണ്ടവര്‍ റോഡുകള്‍ അടച്ചതുമൂലം ഏറെ ബുദ്ധിമുട്ടി.
കുറ്റ്യാടി പാലം, അടുക്കത്ത്, കുളങ്ങരതാഴ എന്നിവിടങ്ങളിലെല്ലാം റോഡ് അടച്ചിരുന്നു. കുറ്റ്യാടി പാലം വഴി പേരാമ്പ്രയിലേക്ക് പോവാന്‍ അനുവാദമുണ്ടെങ്കിലും പേരാമ്പ്രയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് തിരിച്ചുവരുന്നത് പോലീസ് തടയുന്നത് ആശയകുഴപ്പത്തിലാക്കി. ആരോഗ്യവകുപ്പ്, പോലീസ്, ജില്ലാഭരണകൂടം, എന്നിവര്‍ തമ്മില്‍ വ്യക്തമായ ഏകോപനമില്ലാത്തതും വിവരങ്ങള്‍ നേരത്തെ ജനങ്ങളെ അറിയിക്കാത്തതും കാരണം സര്‍വ്വത്ര ആശയകുഴപ്പമായിരുന്നു.
നിയന്ത്രിത മേഖലയില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും ഇളവുകള്‍ അനുവദിച്ചതോടെ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ യാത്രചെയ്യുകയാണെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. കുറ്റ്യാടിയിലെ വിവിധ ഭാഗങ്ങളില്‍ കോവിഡുമായി ബന്ധപ്പെട് നടക്കുന്ന പ്രചരണങ്ങള്‍ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും കൂടുതല്‍ ജാഗ്രത പുലര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: