തിരുവനന്തപുരം : കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കിസാന്‍ സമ്മാന നിധി വഴി കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കേണ്ട ധനസഹായത്തിനായി അംഗങ്ങള്‍ക്ക് ചേരാന്‍ സാധിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷകളില്‍ പലതും കൃഷി വകുപ്പില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി നടത്തുന്ന പല പദ്ധതികളും സംസ്ഥാനം അട്ടിമറിക്കുകയാണ്. കേരളത്തില്‍ നിന്നും ഇതുവരെ 30 ലക്ഷം കൃഷിക്കാര്‍ മാത്രമാണ് കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഒരു സെന്റ് ഭൂമിയുള്ളവര്‍ക്കു പോലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്നിരിക്കെ സംസ്ഥാനത്തെ കാര്‍ഷിക വകുപ്പ് ഇവരില്‍ പലരും നല്കിയ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ല. 60 ലക്ഷം പേരാണ് സംസ്ഥാനത്ത് കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമാകേണ്ടത്.
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായത്. ഇതുകൂടാതെ ചികിത്സാ സഹായം ലഭ്യമാക്കുന്ന ആയുഷ് മാന്‍ ഭാരത് പദ്ധതിക്കും സംസ്ഥാനം വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും കെ. സുരന്ദ്രന് കുറ്റപ്പെടുത്തി.
മുമ്പുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരുകളെ അപേക്ഷിച്ച് മേദി സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടുണ്ട്. പദ്ധതി വിഹിതം ഇനത്തിലും നികുതി വിഹിതമായും പ്രളയ ദുരിതാശ്വാസ സഹായ പദ്ധതികളായും സഹായം ലഭിച്ചു. ചരിത്രത്തിലാദ്യമായി റെവന്യു കമ്മി കുറയ്ക്കാന്‍ സംസ്ഥാനത്തിന് 4500 കോടിയിലധികം രൂപ ലഭിച്ചു. കൊറോണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നബാര്‍ഡ് വഴി കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനായി കേരളത്തിന് ലഭിച്ചത് 2500 കോടിരൂപയാണ്. രാജ്യത്ത് മൊത്തം അനുവദിച്ച തുകയില്‍ കേരളത്തിന് മാത്രമായി പത്ത് ശതമാനം ലഭിച്ചു. വിവിധ ടൂറിസം പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 500 കോടിയിലധികം രൂപയാണ് കേരള ടൂറിസം വകുപ്പ് ചെലവഴിക്കാതെ പാഴാക്കി കളഞ്ഞത്. കേരളത്തിന്റെ അഭിമാന പദ്ധതികളായിരുന്ന ശബരിമല, ശിവഗിരി പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്.
ശബരിമല സര്‍ക്യൂട്ട് വികസനത്തിനായി 2017ല്‍ കേരളത്തിന് നല്കിയ 99.99 കേടിയില്‍ നയാപൈസ ചെലവഴിച്ചില്ല. കണ്ണൂരില്‍ സിപിഎമ്മുകാരാല്‍ നടത്തപ്പെടുന്ന ടൂറിസം പദ്ധതിക്കായി നല്കിയ പണം പോലും ചെലവഴിക്കാനായില്ല. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് കൈയയച്ച് സഹായം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: