കാബുള്‍: ഭീകരസംഘടനയായ താലിബാന്റെ നിരവധി നേതാക്കള്‍ക്ക് കൊറോണ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കൊറോണബാധയും അധികാരത്തര്‍ക്കവും താലിബാന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അഫ്ഗാന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ എന്‍ഡിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് താലിബാന്റെ സ്ഥാപകനും ആഗോള ഭീകരക്കുറ്റവാളിയുമായിരുന്ന മുല്ല ഒമറിന്റെ മകന് മുല്ല യാക്കൂബ് നേതൃത്വം ഏറ്റെടുത്തെന്നാണ് സൂചന.
കൊറോണ ബാധിച്ച ചില നേതാക്കളെ ദോഹയിലെ ഓഫീസില്‍ താമസിപ്പിച്ചിരിക്കുകയാണ്. മറ്റു ചിലരെ പാക്കിസ്ഥാനിലേക്കു കൊണ്ടുപോയെന്നും എന്ഡിഎസിനു വിവരം ലഭിച്ചു. താലിബാനുമായുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോഴാണ് സംഘടനയില്‍ ഈ പ്രതിസന്ധി.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശമനുസരിച്ചാണ് മുല്ല യാക്കൂബ് താലിബാന്റെ നേതൃത്വം ഏറ്റെടുത്തതെന്നാണ് അഫ്ഗാന് പോലീസ് പറയുന്നത്. താലിബാന്റെ ചില നേതാക്കള്‍ അഫ്ഗാന് സര്‍ക്കാരിനോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ പാക്കിസ്ഥാന് എതിര്‍പ്പുണ്ട്.
പ്രധാന നേതാവായ ഹയിബത്തുള്ള അഖുന്താസ കുറച്ചു നാളായി യോഗങ്ങള്‍ക്ക് എത്തിയിരുന്നില്ല. ഇയാള്‍ക്ക് കൊറോണ ബാധിച്ചുവെന്നാണ് സൂചന. അമേരിക്കയുമായും അഫ്ഗാന് സര്‍ക്കാരുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ക്ക് ഹയിബത്തുള്ളയ്ക്കു പകരമെത്തിയത് താലിബാന്റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സംഘടനയുടെ ക്രൂരമുഖമായ സിറാജുദ്ദീന് ഹഖാനിയാണ്. എന്നാല്‍ ഇയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന് ഭരിച്ചിരുന്ന താലിബാന്റെ സ്ഥാപകന്‍ മുല്ല ഒമര്‍ മരിച്ചെന്ന് പല തവണ റിപ്പോര്‍ട്ടു വന്നിട്ടും 2015 ലാണ് സംഘടന ഇക്കാര്യം സ്ഥിരീകരിച്ചത്. മകന് മുല്ല യാക്കൂബ് നേതാവാകുമെന്നു കരുതിയെങ്കിലും ഹയിബത്തുള്ള അഖുന്താസയ്ക്കും സിറാജുദ്ദീന് ഹഖാനിക്കും തന്നെയായിരുന്നു മുന്‍തൂക്കം. ഇരുവര്‍ക്കും കൊറോണ ബാധിച്ചതോടെയാണ് യാക്കൂബിന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: