മ്യൂണിക്ക്: ജര്‍മന്‍ ബുന്ദസ്ലീഗയില്‍ ആര്‍ബി ലീപ്സിഗിന് തകര്‍പ്പന്‍ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടിനെതിരെ നാല് ഗോളടിച്ചാണ് അവര്‍ എഫ്സി കൊളോണിനെ തകര്‍ത്തത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്ക്കുന്നതിലൂം ഏറെ മുന്നിട്ടുനിന്നത് ലീപ്സിഗായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരെ ആദ്യം ലക്ഷ്യം കണ്ടത്
കോളോണായിരുന്നു. നാലാം മിനിറ്റില്‍ ലീപ്സിഗിന്റെ ടിമോ വെര്മറുടെ ഷോട്ട് കൊളോണ്‍ ഗോളി രക്ഷപ്പെടുത്തുന്നതുകണ്ടാണ് കളിക്ക് ചൂടുപിടിച്ചത്. എന്നാല്‍ ഏഴാം മിനിറ്റില്‍ ജോണ്‍ കോര്ഡോബോയുടെ ഇടംകാലന്‍ ഷോട്ട് ലീപ്സിഗ് വലയില്‍ കയറി. പിന്നീട് തകര്‍ത്തുകളിച്ച ലീപ്സിഗ് 20-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ആഞ്ചലീനോയുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് പാട്രിക് ഷിക്കാണ് ലക്ഷ്യം കണ്ടത്. പിന്നീട് 38-ാം മിനിറ്റില്‍ ക്രിസ്റ്റഫറിലൂടെ ലീപ്സിഗ് ലീഡ് നേടി. ഇതോടെ ആദ്യ പകുതിയില്‍ അവര്‍ 2-1ന് മുന്നിട്ടുനിന്നു.
50-ാം മിനിറ്റില്‍ ലീപ് സിഗ് മൂന്നാം ഗോളും നേടി. ടിമോ വെര്മറുടെ വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ഈ സീസണില്‍ വെര്മറുടെ 25-ാം ഗോളായിരുന്നു ഇത്. അഞ്ച് മിനിറ്റിനുശേഷം കൊളോണ്‍ ഒരു ഗോള്‍ കൂടി മടക്കി. ആന്റണി മെഡസ്റ്റെയാണ് ലക്ഷ്യം കണ്ടത്. ബോക്സിന് പുറത്തുനിന്ന് വലംകാല്‍കൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്. രണ്ട് മിനിറ്റിനുശേഷം ലീപ് സിഗ് നാലാം ഗോളും നേടി. ഡാനി ഒല്‍മോയാണ് ലക്ഷ്യം കണ്ട് ലീപ്സിഗിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ജയത്തോടെ ലീപ്സിഗ് 29 കളികളില്‍ നിന്ന് 58 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 67 പോയിന്റുള്ള ബയേണ്‍ മ്യൂണിക്കും 60 പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: