ഇടുക്കി: അറബിക്കടലിലെ കിഴക്കൻ മദ്ധ്യമേഖലയിലും തെക്ക് കിഴക്കൻ മേഖലയുമായ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ വൈകിട്ടോടെ അതി തീവ്രമായി. നിസർഗ ചുഴലിക്കാറ്റായി ബുധനാഴ്ച മഹാരാഷ്ട- ഗുജറാത്ത് തീരം തൊടാൻ സാധ്യത.
ഇന്ന് വിവരം ലഭിക്കുമ്പോൾ വടക്ക് വടക്ക് കിഴക്ക് ദിശയിൽ 11 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ന്യൂനമർദം ഗോവയില പനാജിയിൽ നിന്ന് 280 കി.മീ അകലത്തിലും മുംബൈയിൽ നിന്ന് 710 കിലോ മീറ്റർ അകലെയുമാണ്. ഉച്ചയോടെ ന്യൂനമർദം നിസർഗ ചുഴലിക്കാറ്റാകുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി ദിശ തിരിഞ്ഞ് നാളെ ഉച്ചതിരിഞ്ഞ് വടക്കൻ മഹാരാഷ്‌ട്രയിലെ ഹരിഹരേശ്വരിനും ഗുജറാത്തിലെ കേന്ദ്ര ഭരണ പ്രദേശമായ ദാമനും ഇടയിൽ കര തൊടും. 100-110 കിലോമീറ്റർ വേഗത്തിലാകുമിത്.
പിന്നീട് രാത്രിയോടെ ശക്തി കുറയാൻ തുടങ്ങും. 4ന് ന്യൂനമർദമായി മാറും. പിന്നാലെ മദ്ധ്യപ്രദേശിലെത്തി ദുർബലമാകും. അതേ സമയം വടക്കൻ മഹാരാഷ്‌ട്ര – തെക്കൻ ഗുജറാത്ത് മേഖലയിൽ ചുഴലിക്കാറ്റിന്റെ മുന്നൊരുക്ക ഭാഗമായി ഐഎംഡി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊറോണയുടെ കൂടി പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ മാറ്റി പാർപ്പിക്കൽ വലിയ വെല്ലുവിളിയാകും. മുംബൈയിലടക്കം ചുഴലിക്കാറ്റ് നാശം വിതക്കാനാണ് സാധ്യത. കാലവർഷം കൂടി എത്തിയതിനാൽ കേരളത്തിൽ ഇന്ന് കൽക്ഷോഭത്തിനും കനത്ത മഴക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: