കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്ന സര്‍ക്കാര്‍ അവകാശവാദം പൊളിഞ്ഞു. അദ്ധ്യാപകര്‍ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ഇന്നലെ രാവിലെ ആരംഭിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്താണ്. സര്‍ക്കാര്‍ സംവിധാനം വഴി എടുത്ത കണക്കാണിത്. നേരത്തെ നടത്തിയ കണക്കെടുപ്പില്‍ 30,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇന്നലെ വീണ്ടും നടത്തിയ കണക്കെടുപ്പില്‍ ഈ സംഖ്യ ഏഴായിരം ആയി കുറയുകയായിരുന്നു. തീരദേശം, ആദിവാസി, മലയോര മേഖലകള്‍ക്ക് പുറമെ നഗരപരിധിയിലെ കോളനികളിലെ കുട്ടികളും ഇതില്‍പ്പെടും.
30,000 എങ്ങനെ ഏഴായിരമായി കുത്തനെ കുറഞ്ഞു എന്ന ചോദ്യത്തിന് മറുപടിയില്ല. സര്‍ക്കാര്‍ മൊബൈലും ടിവിയും നല്‍കുമെന്ന് കരുതി പലരും ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ നല്‍കിയതെന്നാണ് അനൗ ദ്യോഗികമായി പറയുന്നത്. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ കോളനികളിലടക്കം കുട്ടികള്‍ക്ക് ആവശ്യമായ ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല. എവിടെയൊക്കെ ക്രമീകരണങ്ങള്‍ വേണമെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഒന്നാം ക്ലാസില്‍ ചേര്‍ന്ന പുതിയങ്ങാടിയിലെ ആറു കുട്ടികള്‍ക്ക് സമീപത്തെ വീട്ടില്‍ സൗകര്യം ഒരുക്കിയാണ് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിന് തുടക്കമിട്ടത്.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് സംപ്രേക്ഷണം ചെയ്യുമെന്ന് പറയുമ്പോഴും നിലവില്‍ രണ്ട് ഡിറ്റിഎച്ച് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ചാനല്‍ ലഭ്യമാകുന്നത്. കേബിള്‍ ടിവികളിലും ചാനല്‍ മിക്കയിടങ്ങളിലും ലഭ്യമല്ല. സംപ്രേഷണത്തിന് മുമ്പ് എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യത ഉറപ്പു വരുത്തുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു എന്നാണ് ആരോപണം ഉയരുന്നത്. ഇതോടെ കേബിള്‍ കണക്ഷനുള്ള വിദ്യാര്‍ത്ഥികളുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങും.
ഒരു ഫോണ്‍ മാത്രമുള്ള വീടുകളില്‍ രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ പഠനം പിന്തുടരുമെന്നതും ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാര്‍ പട്ടികയിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉള്ള വിദ്യാര്‍ത്ഥികളില്‍ ഇത്തരം വീടുകളും ഉള്‍പ്പെടും. ഒരേ സമയം ഇത്രയധികം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങളും മഴയുമൊക്കെ പ്രധാന വെല്ലുവിളികളാണ്. വൈദ്യുത ബന്ധം തകരാറിലായാല്‍ പോലും ക്ലാസുകള്‍ നഷ്ടപ്പെടും. സാങ്കേതിക വിദ്യയുമായി ഇഴുകി ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ പഠന രീതി നടപ്പാക്കിയതില്‍ വിദ്യാഭ്യാസ വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ലാസുകള്‍ ഒന്നാം തിയ്യതി തന്നെ തുടങ്ങി എന്നുവരുത്താനാണ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനക്ലാസുകള്‍ ആരംഭിച്ചതെന്ന വിമര്‍ശനം ഇതിനകം തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ പ്രവേശനോത്സവം അറിയാതെ വിലങ്ങാട് വനവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ പ്രവേശനോത്സവം അറിയാതെ വിലങ്ങാട് വനവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍. വാണിമേല്‍ വിലങ്ങാട്ടേ അടുപ്പില്‍ പണിയകോളനിയിലേയും, കൂറ്റല്ലൂര്‍, പറക്കാട്, പന്നിയന്നൂര്‍, വായാട് കോളനിയിലെയും വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. പണിയ കോളനിയില്‍ മുപ്പതോളം വിദ്യാര്‍ത്ഥികളും കുറ്റല്ലൂര്‍ ഏകദേശം 160 പേരുമാണ് വിവിധ സ്കുളുകളിലായി പഠിച്ചിരിന്നത്.
ആധുനിക സൗകര്യങ്ങള്‍ എന്തെന്ന് പോലും അറിയാത്തവരാണ് കോളനിയിലെ മിക്ക കുടംബവും. ചിലര്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്ളത്. ടിവി, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനോത്സവം എന്തെന്ന് പോലും അറിഞ്ഞില്ലന്ന് രക്ഷിതാക്കള്‍ പറയുന്നു. കുറ്റല്ലൂര്‍ മേഖലയില്‍ നെറ്റ്വര്‍ക്ക് തീരെ ഇല്ലാത്ത പ്രദേശമായതിനാല്‍ ഫോണില്‍ ഇവിടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലന്ന് കോളനി നിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: