കോഴിക്കോട്: രണ്ടു മാസവും ഒരാഴ്ചയും നീണ്ടു നിന്ന അടച്ചിടലിനുശേഷം ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രണ്ടു ട്രെയിനുകളാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ട്രെയിനുകളാണിവ. രാവിലെ 4.50ന് കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ഇന്നലെ കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്. നേരത്തെ കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കാനായിരുന്നു റെയില്‍വേ തീരുമാനിച്ചതെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം കോഴിക്കോട് നിന്ന് സര്‍വ്വീസ് ആരംഭിക്കുകയായിരുന്നു. ഇതോടെ കണ്ണൂരില്‍ നിന്ന് റിസര്‍വ്വ് ചെയ്ത നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടി.
ഇന്നലെ രാവിലെ 6.05നാണ് ട്രെയിന്‍ കോഴിക്കോട് നിന്ന് യാത്ര തുടങ്ങിയത്. ഒരു ജില്ലയില്‍ ഒരു സ്റ്റേഷന് എന്ന നിലയിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. തിരൂര്‍, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം എന്നീ സ്റ്റേഷനുകളിലായിരുന്നു സ്റ്റോപ്പ്. കോഴിക്കോട് നിന്ന് 199 യാത്രക്കാരാണ് ട്രെയിനില്‍ കയറിയത്. ഉച്ചയ്ക്ക് 1.45നാണ് രണ്ടാമത്തെ ട്രെയിനായ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി യാത്ര ആരംഭിച്ചത്. 314 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. തിരൂര്‍, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, ആലപ്പുഴ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട ജനശതാബ്ദി ഉച്ചയ്ക്ക് 1.15 ഓടെ കോഴിക്കോട് എത്തി.
ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും യാത്രയുടെ അര മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക യാത്രക്കാരും നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ടിക്കറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കു മാത്രമായിരുന്നു യാത്രക്ക് അനുമതി. ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരായിരുന്നു മിക്കയാത്രക്കാരും. പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. റിസര്വ്വേഷന് ടിക്കറ്റ് ഇല്ലാത്തവരെ റെയില്‍വേസ്റ്റഷനിലേക്ക് പ്രവേശിപ്പിച്ചതുമില്ല. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് പ്ലാറ്റ്ഫോമിലേക്ക് കടത്തിവിട്ടത്. തുടര്‍ന്ന് രോഗ ലക്ഷ്ണങ്ങളുണ്ടോയെന്ന പരിശോധനകളും നടത്തിയാണ് യാത്ര അനുവദിച്ചത്.
കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി ഇന്ന് രാവിലെ 6.05നും ഉച്ചയ്ക്ക് 1.45നും കോഴിക്കോട് നിന്നും സര്‍വ്വീസ് ആരംഭിക്കും. മുംബൈയില്‍ നിന്നുള്ള കുര്‍ള – നേത്രാവതി എക്സ്പ്രസ് ഇന്ന് രാവിലെ എട്ടിന് കോഴിക്കോട്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: