നിങ്ങളേയും നിങ്ങളുടെ സന്താനങ്ങളേയും നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കാനുള്ള പ്രകാശം സിദ്ധിക്കേണ്ടത് ഈശ്വരകാരുണ്യത്തില്നിന്നാണ്. സാന്മാര്ഗ്ഗികവും ആദ്ധ്യാത്മികവുമായ ശക്തിയുടെ അഭാവത്തില്‍ ഒരുവനു മാര്‍ഗ്ഗദര്‍ശനത്തിനു ഉതകുന്ന അന്തഃപ്രകാശം ലഭിക്കുകയില്ല. താന്‍തന്നെ തമസ്സില് ഉഴലുമ്പോള്‍, ഒരാള്‍ക്കു കുടുംബത്തേയും സമൂഹത്തേയും നയിക്കാന്‍ എങ്ങിനെ കഴിയും?
മാതൃധര്മ്മമായ വാത്സല്യത്തിനും, പ്രയത്നത്തിനും, അനുഭവിച്ച യാതനകള്‍ക്കും, ചെയ്ത ത്യാഗങ്ങള്‍ക്കും ഒരിക്കലും പ്രതിഫലം ഇച്ഛിക്കരുത്. കുട്ടികളെ ഈശ്വരന്റേതായി കരുതുക. മാതൃവാത്സല്യംനിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയം നിങ്ങള്‍ക്കുണ്ടാകണം. കര്‍ത്തവ്യാനുഷ്ഠാനത്തില്‍ ആനന്ദം കണ്ടെത്തുവിന്. തന്റെ മാതൃനിര്‍വിശേഷമായ ധര്‍മ്മം തികവുറ്റ രീതിയില്‍ നിര്‍വഹിക്കുന്ന ഒരമ്മ ലോകത്തിനു തന്നെ മഹാസേവനമാണ് ചെയ്യുന്നത്. ആ മാതാവ് തനിക്കും, മനുഷ്യരാശിക്കും, ഈശ്വരനും ഒരുപോലെ സേവനമനുഷ്ഠിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കു വാത്സല്യവും, ആഹാരവും, വിദ്യാഭ്യാസവും, സമ്പത്തും, ജീവിത സുഖങ്ങളും നല്കിയെന്നു വരാം. പക്ഷേ ഇവ നല്കുന്നതുകൊണ്ടു മാത്രം നിങ്ങളുടെ മാതൃധര്മ്മമോ പിതൃധര്മ്മമോ വേണ്ടിടത്തോളം നിര്‍വ്വഹിച്ചതായി കരുതേണ്ടതില്ല. സുശക്തവും സുശിക്ഷിതവുമായ ഒരു മനസ്സ് വളര്‍ത്തിയെടുക്കാനും ആരോഗ്യകരമായ സാന്മാര്ഗ്ഗിക സ്വഭാവങ്ങള്‍ പരിപോഷിപ്പിക്കാനും അവരെ സഹായിക്കുക. അവര്‍ക്കു ഈശ്വരവിശ്വാസവും, സാന്മാര്ഗ്ഗിക നിയമങ്ങളോട് ആദരവും, മുതിര്‍ന്നവരോടു ഭക്തിയും സത്യത്തോടു ബഹുമാനവും ഉണ്ടായിരിക്കട്ടെ. സ്വാശ്രയശീലരാകാന് അവരെ അഭ്യസിപ്പിക്കുവിന്‍. ഇതെല്ലാം കഴിഞ്ഞാല്‍ നിങ്ങള്‍ക്കു നിസ്സംഗരായി വര്‍ത്തിക്കാം.
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: