ബംഗാളില്‍ പരന്നൊഴുകിയ ഭക്തിതീര്ഥങ്ങളില് യോഗവിശുദ്ധി കൊണ്ട് പരിപൂരിതമായിരുന്നു ചൈതന്യമഹാപ്രഭുവിന്റെ ഗൗഡിയാ മതം. മുന്ഗാമികളില് നിന്ന് കൊളുത്തിയെടുത്ത വൈഷ്ണവചിന്തയുടെ തീപ്പൊരിയാണ് ചൈതന്യധന്യമായ അഗ്നിശലാകയായി മഹാഗുരു മാറ്റിയെടുത്തത്. ബംഗാളിലും ഒറീസയിലും ഈ ആത്മീയപ്രഭ കത്തിനിന്നത് രണ്ടു നൂറ്റാണ്ടോളമാണെന്ന് കാണാം.
അസമിലെ വൈഷ്ണവമത മഹാഗുരുവായ ശങ്കരദേവയുടെ സിദ്ധാന്തവും ദര്‍ശനവും ബംഗാളിലും കടന്നെത്തി. അന്ന് നാദിയാ ജില്ലയിലെ നഞ്ചദ്വീപം മഹാഗുരുക്കന്മാരുടെ കര്‍മയോഗത്താല്‍ അറിയപ്പെട്ടത് ‘അതീതങ്ങളുടെ ജ്ഞാനപീഠ’ മെന്നാണ്. ആ ആത്മീയ പുലര്വെട്ടത്തിലാണ് ജഗന്നാഥമിശ്രയുടെയും ശചീദേവിയുടെയും പുത്രനായി ചൈതന്യയുടെ പിറവി. വിശ്വംഭരന് എന്ന നാമധേയത്തിനപ്പുറം ‘നിമായ്’ എന്ന ഓമനപ്പേരും കുഞ്ഞിന് നല്‍കിയിരുന്നു. ഉന്നതവിദ്യാഭ്യാസം നേടി നാട്ടില്‍ തിരിച്ചെത്തിയ വിശ്വംഭരന് പിതാവിന്റെ കാലശേഷം കുടുംബഭരണം ഏറ്റെടുത്തു. വിവാഹാനന്തരം ആരംഭിച്ച സംസ്കൃത പാഠശാല വിപുലീകരിക്കാന്‍ പദ്ധതിയിട്ട് ഇറങ്ങിത്തിരിച്ചു. യാത്രകളിലൂടെ ധനം നേടി തിരിച്ചു വന്നെങ്കിലും പ്രിയപത്നി ലക്ഷ്മിയുെട ദാരുണ മരണം വിശ്വംഭരനെ വിരക്തനാക്കി. മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പുനര്വിവാഹമുണ്ടായെങ്കിലും പത്നിയായ വിഷ്ണുപ്രിയാദേവിയോടൊപ്പം ആത്മീയ സാധനകളില്‍ മുഴുകി. പിതാവിന്റെ ശ്രാദ്ധകര്‍മങ്ങള്‍ക്ക് ഗയയിലെത്തിയ വിശ്വംഭരന് അപൂര്‍വമായൊരു മുഹൂര്‍ത്തത്തില്‍ ബോധോദയത്തിന്റെ അതീതവെളിച്ചം അനുഭൂതി പകര്‍ന്നു. സിദ്ധാര്ഥന് ബോധ്ഗയയില്‍ നിന്ന് ബുദ്ധനായതു പോലുള്ള പരമായ ജ്ഞാനപ്രകാശ ലബ്ധിയായിരുന്നു അത്.
തുടര്‍ന്ന് ഗൃഹസ്ഥാശ്രമം വെടിഞ്ഞ് കേശവഭാരതിയില് നിന്ന് ‘കൃഷ്ണചൈനതന്യ’യെന്ന സംന്യാസദീക്ഷാനാമം സ്വീകരിച്ച് ദേശാടനം തുടങ്ങി. 1050 ലാണ് ആദ്യമായി ശിഷ്യന്മാരാടൊപ്പം ഒറീസയിലെ പുരി സന്ദര്‍ശിക്കുന്നത്.
പിന്നീട് പുരി ജഗന്നാഥസ്വാമി ദര്‍ശനം വാര്‍ഷിക തീര്‍ഥയായി മാറി. ഇത് വൈഷ്ണവതരംഗങ്ങളുടെ ജൈത്രയാത്രകൂടിയായിരുന്നു. ഗൗഡിയമതം ബോധിവൃക്ഷം പോലെ ഉന്നതങ്ങളില്‍ പടര്‍ന്നു പന്തലിച്ചു. ക്രമേണ ദക്ഷിണദേശങ്ങളിലേക്കും ആ ദൗത്യ സഞ്ചാരം സമാരംഭം കുറിച്ചു. ആന്ധ്രയിലെ ഗോദാവരീ തീരത്ത് പണ്ഡിതനായ രാമാനന്ദരായര്‍ ചൈതന്യസ്വാമികളെ സ്വീകരിച്ചാനയിക്കുകയായിരുന്നു. സദ്സംഗങ്ങളുമായി ക്ഷേത്രപര്യടനം പൂര്‍ത്തീകരിച്ച് കര്‍ണാടകയിലും ക്ഷേത്രാടനം നടത്തിയാണ് മഹാരാഷ്ട്രയിലെ പണ്ഡര്‍പൂര്‍ ക്ഷേത്രത്തിലെത്തി വിഠോബയെ മഹാഗുരു വണങ്ങിയത്. പിന്നീട് ഗുജറാത്തിലെ വിശ്രുത ക്ഷേത്രങ്ങളിലായിരുന്നു തീര്‍ഥാടനം.
ചൈതന്യസ്വാമിയുടെ അമൃതഭാഷണം കേട്ട് ആയിരങ്ങള്‍ കോരിത്തരിച്ചു. ധര്മവിശുദ്ധിയുടെ മാര്‍ഗത്തില്‍ വ്യക്തിയെയും സമൂഹത്തെയും പുനഃസൃഷ്ടിക്കുകയായിരുന്നു ആചാര്യര്‍. ശ്രീകൃഷ്ണന്റെ കേദാരഭൂമിയായ വൃന്ദാവനത്തിലെ സന്ദേശസന്ദര്ശനം മഹോത്സവമായി മാറി. മഹാപ്രഭുവിന്റെ ആശയപ്രത്യക്ഷങ്ങളും ദര്‍ശന സമീക്ഷയും നിലവിലിരുന്ന പൗരോഹിത്യ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് നവസമൂഹത്തിന്റെ രൂപസൃഷ്ടിയായി പരിണമിച്ചു. പ്രയാഗിലെത്തി ത്രിവേണീ സ്നാനാനന്തരം കാശിവിശ്വനാഥനെയും വന്ദിച്ചാണ് മഹാഗുരു 1515ല്‍ പുരിയില്‍ തിരിച്ചെത്തിയത്. കൃഷ്ണഭാവത്തിന്റെ മൂര്ത്തിസ്ഥലിയായ നീലാചലത്തിലായിരുന്നു മഹാപ്രഭുവിന്റെ അധിവാസം.
ജീവന് മുക്തനായി ‘കൃഷ്ണോഹ വിഭൂതി’യിലലിഞ്ഞായിരുന്നു ആ ജീവനം. കൃഷ്ണഗീതങ്ങള്‍ പാടിയാടി ശുദ്ധബോധത്തിന്റെ നിര്‍വൃതി നുകരുകയായിരുന്നു മുനിചര്യ. അത്തരം ഹര്‍ഷോന്മാദ വിഭൂതിയുടെ ഒരു ഉജ്വലമുഹൂര്‍ത്തത്തില്‍ ആശ്രമമുപേക്ഷിച്ചുള്ള മഹാപ്രഭുവിന്റെ പലായനം ജലസമാധിയുടെ സമുദ്ര പ്രവേശമായി. 1533 ല്‍ നാല്പത്തിയെട്ടാം വയസ്സില്‍ തിരോധാനം ചെയ്തെങ്കിലും ഇന്നും കൃഷ്ണമയമായ ആ ജീവനപ്രത്യക്ഷങ്ങള് കൃഷ്ണാവബോധം വിതച്ച് ആകാശത്തെയും അലകടലിനെയും നീലാഭമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: