ന്യൂദല്‍ഹി: രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനില്‍ നിന്ന് വിദേശി ഉത്പന്നങ്ങള്‍ നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ അര്‍ദ്ധ സൈനികവിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ മാത്രമേ ലഭ്യമാകുകയുള്ളു. ജൂണ്‍ ഒന്നു മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ നിന്ന് സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
ആയിരത്തോളം വിദേശ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ കാന്റീനുകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. മൂന്നു കാറ്റഗറികളിലുള്ള ഉത്പന്നങ്ങളാണ് ഇതുവരെ വിതരണം നടത്തിയിരുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ഒന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതി നടത്തിയശേഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ രണ്ടാമത്തേതിലും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവ മൂന്നാമത്തെ കാറ്റഗറികളിലും ഉള്‍പ്പെടുന്നു. ഇതില്‍ മൂന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വസ്തുക്കളെയാണ് വിതരണത്തില്‍ നിന്നും തഴഞ്ഞിരിക്കുന്നത്.
ബാഗുകള്‍, ചെരുപ്പുകള്‍, ഓവനുകള്‍ എന്നിവയാണ് നീക്കം ചെയ്ത വിവധ തരത്തില്‍പ്പെട്ട ഉത്പന്നങ്ങള്‍. രാജ്യത്തെമ്പാടുമുള്ള അര്‍ദ്ധസൈനികരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് ഈ കാന്റീനുകളുടെ ഉപഭോക്താക്കള്‍. അസം റൈഫിള്‍സ്, സിആര്‍പിഎഫ്, എന്‍എസ്ജി, ബിഎസ്എഫ്,സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്നിവയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: