മുക്കം: അടിസ്ഥാന സൗകര്യങ്ങള്‍കൊണ്ടും പാഠ്യപാഠ്യേതര രംഗത്തെ മികവുകൊണ്ടും ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ പന്നിക്കോട് എയുപി സ്‌കൂളും പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനായി ഒരുങ്ങി. ഇന്ന് മുതല്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
കൂടാതെ വെയിലും മഴയും ഏല്‍ക്കാതെ അസംബ്ലിക്ക് നില്‍ക്കാനുള്ള അസംബ്ലി ഹാള്‍ ജില്ലയില്‍ തന്നെ അപൂര്‍വം വിദ്യാലയങ്ങളില്‍ മാത്രമാണുള്ളത്. ഈ സൗകര്യത്തിന് പുറമെ ഈ മധ്യവേനലവധിക്കാലത്ത് പൂര്‍ത്തിയാക്കിയ പുതിയ ഫുട്‌ബോള്‍, ഷട്ടില്‍ ഗ്രൗണ്ടുകള്‍, മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും എന്നിവയെല്ലാം ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സ്‌കൂളില്‍ ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനായി പുതിയ കെട്ടിട നിര്‍മ്മാണവും കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. പാഠ്യപാഠ്യേതര രംഗത്ത് മുന്‍ വര്‍ഷങ്ങളില്‍ എല്ലാം നേടിയ മികച്ച നേട്ടം തന്നെയാണ് ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവാന്‍ കാരണം. അധ്യാപകര്‍, മാനേജ്‌മെന്റ്, പിടിഎ കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് തുടങ്ങിയവരെല്ലാം സ്‌കൂളിന്റെ ഈ നേട്ടത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്.
മലയാളം, ഇംഗ്ലീഷ് മീഡിയം എന്നിവയിലായി സ്‌കൂളില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ ആണ് ഉള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുപ്രവേശനോത്സവം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞ് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് അധ്യാപകരും മാനേജ്‌മെന്റും പിടിഎ കമ്മറ്റിയും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതന്ന് മാനേജര്‍ സി. കേശവന്‍ നമ്പൂതിരി, പിടിഎ പ്രസി. ബഷീര്‍ പാലാട്ട് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: