കോന്നി: ചന്ദന സുഗന്ധ വഴിയിലും കോവിഡിന്റെ പൂട്ടു വീണു. ലോക്ഡൗണിൽ കോന്നിയിലെ മറയൂർ ചന്ദനവില്പന കേന്ദ്രവും അടഞ്ഞു കിടക്കുന്നു. വനം വകുപ്പിന്റെ അരുവാപ്പുലത്തെ തടി ഡിപ്പോയിലാണ് മറയൂർ ചന്ദനത്തിന്റെ ചില്ലറ വിൽപന കേന്ദ്രം പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ എത്തിച്ച 101 കിലോഗ്രാം ചന്ദനം ലക്ഷങ്ങൾവരുമാനമുണ്ടാക്കി ചൂടപ്പം പോലെ വിറ്റുപോയിരുന്നു. രണ്ടാം ഘട്ടത്തിൽ എത്തിച്ച മുന്തിയ ഇനം ചന്ദനമാണ് ഇപ്പോൾ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്.
ചുരുങ്ങിയ മാസങ്ങൾ കൊണ്ട് വിൽപന വർദ്ധിച്ചതോടെ കിലോ കണക്കിന് ചന്ദനമാണ് കോന്നിയിൽ എത്തിച്ചിരുന്നത്. വിൽപ്പന നിലച്ചതോടെ മോഷണ സാധ്യത മുന്നിൽകണ്ട് സംഭരണ ശാലയിലും വിപണന കേന്ദ്രത്തിലും സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. വിപണനം നിലച്ചതോടെ വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. മറവൂരിന്റെ മാത്രം കുത്തകയായിരുന്ന ചന്ദനവ്യാപാരം കോന്നിയിലും തുടങ്ങിയത് കഴിഞ്ഞ ഒക്ടോബറിലാണ്.
കോന്നി കേന്ദ്രീകരിച്ച് ചന്ദന വിൽപ്പന തുടങ്ങിയതോടെ പത്തനംതിട്ടയിലെയും സമീപ ജില്ലകളിലെയും ക്ഷേത്ര ഭരണ സമിതികൾക്കാണ് ഏറെ ആശ്വാസമായത്. ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ദൈനംദിന അവശ്യവസ്തുവാണ് ചന്ദനം. വിഗ്രഹങ്ങളിൽ അഭിഷേകം നടത്തുന്നതിന് പുറമെ ഭക്തർക്ക് പ്രസാദമായും നൽകാൻ ചന്ദനം ആവശ്യമാണ്. നേരത്തെ മറയൂരിൽ നിന്നാണ് ശുദ്ധമായ ചന്ദനം ജില്ലയിലെ ക്ഷേത്രങ്ങളിൽ എത്തിച്ചിരുന്നത്. ഇതിനുപുറമെ ലേലം കൊള്ളുന്ന കുത്തക മുതലാളിമാരിൽ നിന്നും അമിത വില നൽകി ചില്ലറയായും വാങ്ങിയിരുന്നു.
വിലയും വാഹനക്കൂലിയും ടാക്സും സുരക്ഷയുമെല്ലാം പ്രതിസന്ധികൾ സൃഷ്ടിച്ചു. ലോകപ്രശസ്തമായ ശബരിമല ഉൾപ്പടെ നൂറുകണക്കിന് ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ഇവിടേക്കെല്ലാം കോന്നിയിൽ നിന്നും ചന്ദനം ലഭ്യമാക്കിയിരുന്നു. എന്നാൽ ലോക്ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചതോടെ ചന്ദനം വാങ്ങാൻ ആളെത്താതെയായി.
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ക്ഷേത്രങ്ങളിലേക്കാണ് കൂടുതലായും ചന്ദനം കൊണ്ടുപോയിരുന്നത്. വ്യക്തികൾക്ക് ഒരുകിലോഗ്രാം വരെയും ക്ഷേത്രങ്ങൾക്കും സംഘടനകൾക്കും ഒരു കിലോയിലും മുകളിലും ചന്ദനം നൽകിയിരുന്നു. ഇതിനുപുറമെ അംഗീകൃത കരകൗശല, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾക്കും തൂക്കത്തിൽ നിബന്ധനയില്ലായിരുന്നു. തിരിച്ചറിയൽ കാർഡും മറ്റുരേഖകളും ഹാജരാക്കിയിൽ മതിയായിരുന്നു. എന്നാൽ ലോക്ഡൗൺ കാരണം ആരും ഇവിലേക്ക് എത്താറില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
വിപണിയിൽ നല്ല വില ലഭിക്കുന്ന മൂന്നിനം ചന്ദനങ്ങളാണ് കോന്നിയിൽ ഇപ്പോൾ സ്റ്റോക്കുള്ളത്. ഗോട്ടില ഇനം ചന്ദനത്തടി കിലോഗ്രാമിന് 19500 രൂപയും ബരഭദ്ര ഇനം 13530 രൂപയും സാപ്പത്ത 9000 രൂപയുമാണ് വിൽപ്പനവില. ഇതിനുപുറമെ നികുതികളുമുണ്ട്. ക്ഷേത്രങ്ങൾ തുക്കുന്നതോടെ വീണ്ടും ചന്ദന വിപണനം സജീവമാകുമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: