തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടെ ദുരൂഹമരണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഫോറൻസിക് റിപ്പോർട്ട് വൈകുന്നു. കേസ് അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ദുരൂഹത നിറഞ്ഞ കേസിലെ ഫോറൻസിക്ക് റിപ്പോർട്ട് വൈകുന്നത്.മരണം സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം.
ദിവ്യയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചതാണ്. റിപ്പോർട്ട് വൈകുന്നതിനാൽ തുടരന്വേഷണവും നിലച്ചു. എന്നാൽ ഫോറൻസിക്ക് റിപ്പോർട്ട് തൽക്കാലത്തേക്ക് പൂഴ്‌ത്തിവെച്ചിരിക്കുകയാണെന്നും ആരോപണം ഉണ്ട്.കഴിഞ്ഞ ഏഴിനാണ് മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേമലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസിന്റെ മകൾ ദിവ്യ പി. ജോണിനെ (21) മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ്
പോസ്റ്റുമോർട്ടം റിപ്പോർട്ട്. പകൽ 12.15ന് മുമ്പ് മരണം സംഭവിച്ചെന്നും വീഴ്ചയിലുണ്ടായ ചെറിയ മുറിവുകൾ ശരീരത്തിലുണ്ടെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ മരണസമയത്തിലടക്കം വ്യക്തതയില്ലാതെ വന്നതോടെയാണ് സംഭവത്തിൽ ലോക്കൽ പോലീസിന്റെ ഒത്തുകളി പുറത്ത് വന്നത്. മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിദേയമാക്കേണ്ട തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷണത്തെ ബാധിക്കുന്നതിനിടയിലാണ് അവശേഷിക്കുന്ന തെളിവുകളുടെ പരിശോധഫലവും പൂഴ്‌ത്തിവെയ്‌ക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് മെയ് 7ന് ഉച്ചകഴിഞ്ഞ് മാറ്റുന്നതിന് മുമ്പ് മൃതദേഹം പൂർണമായും പ്രഷർവാഷ് ചെയ്തിരുന്നതായാണ് സൂചന. എതോടെ ആന്തരിക അവയവ പരിശോധനയിലടക്കം അട്ടിമറി നടന്നതായി സൂചനയുണ്ട്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കുന്ന വേജേനൽ ടെസ്റ്റ് അടക്കം ഇതോടെ നശിപ്പിക്കപ്പെട്ടു. 12 മണിയോടെ ആശുപത്രിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് 6മണിയോടെയാണ് കോട്ടയം മെഡിക്കൽ കൊളേജിലേക്ക് മോർച്ചറിയിലേക്ക് മാറ്റുന്നത്. അതായത് 4 മണിവരെ മൃതദേഹം പുഷ്പഗിരിയിലായിരുന്നു. മരണത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ എന്തിനാണ് ഇത്രയും സമയം ഇതിനായി വേണ്ടിവന്നതെന്നും സംശയം ഉളവാക്കുന്നു.
മരണ സമയത്തിലടക്കം കൃത്യത വരുത്താൻ പോലീസിന് സാധിച്ചിട്ടില്ല. ലോക്കൽ പോലീസിൻെ അന്വേഷണ പിഴവിനെ തുടർന്ന് ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസിനെ അട്ടിമറിക്കാൻ പോകുന്ന പ്രധാന ഘടകമാണ് ശാസ്ത്രീയ തെളിവുകൾ. ദൂരൂഹസാഹചര്യം തുടക്കംമുതൽ നിലനിന്നിട്ടും പോസ്റ്റു മാർട്ടം പിറ്റേന്ന് മാറ്റിയതിലും സംശയം ജനിപ്പിക്കുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശമുണ്ടെങ്കിൽ രാത്രി വൈകിയും നടപടിക്രമങ്ങൾ തുടരാം. എന്നാൽ വിഷയത്തിൽ ഇതൊന്നും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: