സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ലോകം അംഗീകരിച്ചു കഴിഞ്ഞു. 1,70,000ത്തില്‍ പരം പദ്ധതികളിലൂടെ കോടിക്കണക്കിനു വരുന്ന സമാജം അതിന്റെ ഗുണഭോക്താക്കളാകുന്നതോടെ സേവാഭാരതിയുടെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്വാവലംബനം, സാമാജികം, ആപത്സേവ എന്നീ അഞ്ചുമേഖലകള്ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ആദ്യ നാല് വിഷയങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളോ, മറ്റു ആപത്തുകളോ വന്നു ഭവിക്കുമ്പോള്‍ വേഗം ഓടിയെത്താനും രക്ഷാപ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനും സേവാഭാരതിക്കു സാധിക്കുന്നു. അതാണ് ആപത് സേവ.
കേരളം ദൈവത്തിന്റെ സ്വന്തം നാടായിട്ടാണ് അറിയപ്പെടുന്നത്. സുനാമി, ഓഖി ചുഴലിക്കാറ്റ്, 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയം 2020ല്‍ ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് എന്നീ ആപത്ഘട്ടങ്ങളിലും കേരളത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മറ്റൊരു സംഘടനക്കും ചെയ്യാന്‍ സാധിക്കാത്ത വിധത്തിലാണ് ആപത്സേവയില് സേവാഭാരതി പ്രവര്‍ത്തകര്‍ വ്യാപൃതരാകുന്നത്.
മഹാത്മജിയുടെയും, ദീനദയാല്‍ജിയുടെയും സ്വപ്നമായിരുന്നു ‘ഗ്രാമവൈഭവം’. ഗ്രാമങ്ങളെ ശാക്തീകരിച്ചാല്‍ മാത്രമേ രാജ്യത്തിനു സര്‍വ്വതോമുഖമായ വികസനം സാദ്ധ്യമാകുകയുള്ളൂ എന്ന് ആ മഹാത്മാക്കള്‍ വളരെ മുമ്പേ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതം പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ ഗ്രാമങ്ങളെയും ഗ്രാമീണ ജനതയേയും വിസ്മരിച്ചതിന്റെ ഫലമാണ് സാമ്പത്തിക ശാക്തീകരണം ഇന്നും അസാദ്ധ്യമായി തുടരുന്നത്. അതിന് ഒരു മാറ്റം വരുത്താനാണ് സേവാഭാരതി ‘ഗ്രാമവൈഭവം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനുതകുന്ന ആസൂത്രണം ആവിഷ്ക്കരിച്ചു കഴിഞ്ഞു. കേരളത്തിന്റെ എല്ലാ പഞ്ചായത്തുകളിലും സേവാഭാരതിയുടെ യൂണിറ്റുകള്‍ രൂപീകൃതമായി വരികയാണ്.
ഈ പദ്ധതികളെല്ലാം പ്രാവര്‍ത്തികമാകണമെങ്കില്‍ സംഘടനാ സംവിധാനം ശക്തിപ്പെടണം. കേരളത്തില്‍ പ്രാഥമികമായി പഞ്ചായത്ത് തല യൂണിറ്റുകള്‍, അവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള ജില്ലാ സമിതികള്‍, ജില്ലാ സമിതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള സംസ്ഥാനതലത്തിലുള്ള ദേശീയ സേവാഭാരതി എന്നതാണ് ഘടന. ഇതെല്ലാം പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനു ആധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാന കാര്യാലയം അനിവാര്യമാണ്. അതിനാലാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്ത് വടക്കേച്ചിറ റോഡിനു സമീപം സംസ്ഥാനകാര്യാലയം സജ്ജീകരിച്ചിരിക്കുന്നത്. 4600 ചതുരശ്രയടി വിസ്തൃതിയുള്ള മന്ദിരത്തില്‍ ഭരണപരമായ എല്ലാ കാര്യങ്ങളും നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന്, അക്കൗണ്ട്സ് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള കാര്യാലയത്തില്‍ പരിശീലനകേന്ദ്രം, മിനി ഓഡിറ്റോറിയം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വാര് റൂം, സേവാഭാരതി യൂണിറ്റുകളെ സംയോജിപ്പിക്കുന്നതിനുള്ള കേന്ദ്രം, പദ്ധതികളുടെ ആസൂത്രണകേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മാദ്ധ്യമവിഭാഗം എന്നിവ ഈ മന്ദിരത്തിന്റെ പ്രത്യേകതകളാണ്. ഈ മന്ദിരമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സേവാഭാരതിയെ പൊതുസമൂഹം അംഗീകരിച്ചത് സത്യസന്ധതയും ത്യാഗമനോഭാവവുമുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. സേവനത്തിനു പുതിയ ദിശ നല്‍കിക്കൊണ്ട് സാന്ത്വനസേവനം മുഴുവന്‍ സമാജത്തിനും തുടര്‍ന്നും നല്കിക്കൊണ്ടേയിരിക്കും.
എ.വി. ശങ്കരന്
(ദേശീയ സേവാഭാരതി കേരളാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: