മദ്യം വീണ്ടും ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയുടെ തൊട്ടുപിന്നാലെ, മദ്യ ലഹരിയുടെ ഫലമായി നാലു പേര് കൊല്ലപ്പെട്ടത് ഇതിന് പിന്നിലെ അപകടത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നു. കുടുംബങ്ങളിലും സമൂഹത്തിലും ദൃശ്യമായി തുടങ്ങിയിരുന്ന സ്വസ്ഥത, അസ്വസ്ഥതയ്ക്കു വഴി മാറുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന സംസ്ഥാന സര്‍ക്കാരിന് ആ വരുമാനം നിലച്ചതിനെ തുടര്‍ന്നുണ്ടായ വീര്‍പ്പുമുട്ടല്‍ ലോക്ഡൗണ്‍ കാലത്ത് നാം കണ്ടതാണ്. മാര്‍ച്ച് 24ന് ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ അവശ്യവസ്തുക്കളുടെ കടകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചിട്ടപ്പോഴും ഒരാഴ്ചയിലേറെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചു. ഒടുവില്‍ പ്രതിപക്ഷ കക്ഷികളുടെയും സാമൂഹ്യ സംഘടനകളുടെയും കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അവ അടച്ചത്.
ലോക്ഡൗണിന്റെ മൂന്നാംഘട്ടം അവസാനിക്കാറായപ്പോഴാണ് സര്‍ക്കാര്‍ മദ്യവിതരണം പുനരാരംഭിച്ചത്. രണ്ടുമാസക്കാലം കിട്ടാതായതോടെ മിക്കവരും മദ്യമില്ലാതെ ജീവിക്കാനും, മദ്യപാനം മാറ്റിയെടുക്കാവുന്ന ശീലമാണെന്ന് തിരിച്ചറിയാനും തുടങ്ങിയ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മദ്യവില്പന പുനരാരംഭിച്ചത്. രണ്ടുമാസക്കാലം അത്തരം വീടുകളിലുണ്ടായ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷത്തെ പറ്റി പല കോണുകളില്‍ നിന്നും കേട്ടുതുടങ്ങിയിരുന്നു. കുടുംബ ബജറ്റുകളിലുണ്ടായ ശുഭകരമായ മാറ്റത്തെ കുറിച്ചും വാര്‍ത്തകള്‍ വന്നു. ലോക്ഡൗണ്‍ മൂലം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടവും വരുമാനമില്ലായ്മയും സംഭവിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകളിലൂടെ സാവകാശം ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ഒരവസരം സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനിടയിലാണ് മദ്യവില്പന പുനരാരംഭിച്ചത്. ഇത് പല കുടുംബങ്ങളുടെയും സാമ്പത്തികാവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതിന് പുറമെയാണ് നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ മദ്യലഹരിയില്‍ സംഭവിച്ചത്. ചങ്ങനാശ്ശേരിയില്‍ മദ്യപിച്ചെത്തിയ മകന് അമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മലപ്പുറത്ത് മകന് തള്ളിവീഴ്ത്തിയ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തിനിടയിലാണ് താനൂരിലും ബാലരാമപുരത്തും കൊലപാതകം നടന്നത്. താനൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയിലുമാണ്. മദ്യപിച്ച പോലീസുകാര്‍ തമ്മില്‍ തല്ലുണ്ടായ സംഭവവുമുണ്ടായി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് കൂട്ടമായി മദ്യപിച്ച പോലീസുകാര്‍ തമ്മില്‍ തല്ലിയത്. നാലുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്.
നീണ്ട ഇടവേളയ്ക്കു ശേഷം മദ്യം ലഭ്യമാകുമ്പോള്‍ മദ്യപാനശീലമുള്ളവര്ക്കിടയില് സ്വാഭാവികമായും അത് ആഘോഷിക്കപ്പെടും. മദ്യം യഥേഷ്ടം ലഭ്യമാക്കുന്ന തരത്തില്‍ ഒരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പെട്ടെന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. വെര്‍ച്വല്‍ ക്യൂവിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ആപിന്റെ തകരാര്‍ ബാറുകള്‍ക്കും ബീവറേജ് ഔട്ട്ലെറ്റുകള്‍ക്കും മുന്നില്‍ സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടി നില്ക്കുന്നതിനും ഇടയാക്കി. പലര്‍ക്കും പറഞ്ഞ സാങ്കേതിക തകരാര്‍ മൂലം മദ്യം കിട്ടാതെ വന്നു. ഇങ്ങനെയുള്ളവര്‍ അമിത വിലകൊടുത്ത് മറ്റുള്ളവരില്‍ നിന്ന് വാങ്ങി. ചിലര്‍ ഈ സംവിധാനത്തെ കച്ചവടമാക്കുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേരില്‍ ആപില്‍ ബുക്ക് ചെയ്ത് കൂടുതല്‍ മദ്യം വാങ്ങിവച്ച് അത് ആവശ്യക്കാര്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് പലസ്ഥലങ്ങളിലും നടക്കുന്നുണ്ട്.
സര്‍ക്കാരിന്റെ വരുമാനത്തെ കുറിച്ച് ഓര്‍ത്തല്ല, കള്ളവാറ്റ് വര്‍ദ്ധിക്കുന്നതിലുള്ള ഉത്കണ്ഠ മൂലമാണ് മദ്യവില്പന പുനരാരംഭിക്കുന്നതെന്ന ധനകാര്യ മന്ത്രിയുടെ പറച്ചിലിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണ്. എങ്ങനെയും ഖജനാവിലേക്ക് വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മദ്യത്തിന്റെ വില്പന ധൃതിപിടിച്ച് പുനരാരംഭിച്ചതെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. വരുമാനം കൂട്ടുക മാത്രമല്ലല്ലോ സര്‍ക്കാരിന്റെ ജോലി. സമൂഹത്തില്‍ സ്വസ്ഥതയും സമാധാനവും കാത്തുസൂക്ഷിക്കുകയും വേണം.
ലോക്ഡൗണ്‍ തുടങ്ങിയ സമയത്ത് അമിതമദ്യാസക്തരായ ഏതാനും പേര് മദ്യം കിട്ടാതെയുള്ള മാനസികസംഘര്ഷത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതോടെ മദ്യം കിട്ടാതെ ആളുകള്‍ മരിക്കുന്നു എന്നും അതിനാല്‍ മദ്യത്തിനടിമപ്പെട്ടവര്ക്ക് ഡോക്ടറുടെ കുറിപ്പോടെ മദ്യം എത്തിച്ചു നല്‍കാനുള്ള സംവിധാനമുണ്ടാക്കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. കോടതി ഇടപെട്ട് ഇത് തടയുകയാണുണ്ടായത്. ഡോക്ടര്‍മാരുടെ ശക്തമായ എതിര്‍പ്പും ഇതിനോടുണ്ടായി. ഇങ്ങനെ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും ധൃതിപിടിച്ചും നടപ്പാക്കുന്ന കാര്യങ്ങള്‍ ഓരോന്നും പരാജയപ്പെടുകയും സമൂഹത്തിന് തിരിച്ചടിയാകുകയും ചെയ്യുന്നത് സംസ്ഥാന ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയും കഴിവുകേടും ആണെന്ന് പറയാതിരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: