ആത്മജ്ഞാനോപദേശം തുടരുന്നു.
ശ്ലോകം 196
സ്വനസ്യ ദ്രഷ്ടുര് നിര്ഗുണസ്യാക്രിയസ്യ
പ്രത്യക് ബോധാന്ദ രൂപസ്യ ബുദ്ധേഃ
ഭ്രാന്ത്യാ പ്രാപ്തോ ജീവഭാവോ ന സത്യോ
മോഹാപായേ നാസ്ത്യ വസ്തു സ്വഭാവാത്
ദ്രഷ്ടാവും നിര്‍ഗുണനും നിഷ്ക്രിയനും പ്രത്യക് ബോധസ്വരൂപനും ആയ ആത്മാവിന് ബുദ്ധിയുടെ ഭ്രാന്തി മൂലം ഉണ്ടായതാണ് ജീവഭാവം. അത് സത്യമല്ല. മോഹം നീങ്ങുമ്പോള്‍ ആ ജീവഭാവവും ഇല്ലാതാകും. സാക്ഷിയായി എല്ലാം കണ്ടു കൊണ്ടിരിക്കുന്നതിനാലാണ് ആത്മാവിനെ ദ്രഷ്ടാവ് എന്ന് പറഞ്ഞത്. ഗുണമോ ക്രിയയോ ഇല്ലാത്ത ബോധവും ആനന്ദവും ചേര്‍ന്ന സ്വരൂപമാണത്. അറിവും ആനന്ദവും തന്നെ. മനസ്സിന്റെയും ബുദ്ധിയുടേയും തലങ്ങള്ക്കപ്പുറമാണ് ആത്മതത്വം എന്നാല്‍ അത് ഭ്രാന്തി മൂലം ബുദ്ധിയോട് ചേര്‍ന്ന് ഞാന്‍ എന്ന് അഭിമാനിക്കുമ്പോള്‍ ആത്മാവിന് ജീവഭാവം സംഭവിക്കുന്നു.
ഈ ജീവഭാവം വാസ്തവത്തില്‍ ഇല്ലാത്തതാണ്.അതുകൊണ്ട് തന്നെ അസത്യവുമാണ്. അത് ഭ്രാന്തി അഥവാ മോഹം മൂലം വന്നു പെട്ടതാണ്. ഭ്രാന്തി നീങ്ങുമ്പോള്‍ ഈ അസത്യഭാവവും ഇല്ലാതെയാകും. സ്വപ്നത്തില്‍ ചിലപ്പോള്‍ നാം ബന്ധനത്തില്‍ അകപ്പെട്ടതായോ തുറുങ്കില്‍ അടയ്ക്കപ്പെട്ടതായോ ഒക്കെ അനുഭവം ഉണ്ടായേക്കാം. എന്നാല്‍ ഉണരുമ്പോള്‍ അത് വാസ്തവമല്ലായിരുന്നുവെന്നും വെറും സ്വപ്നമായിരുന്നുവെന്നും ബോധ്യമാകും.
സ്വപ്നത്തില്‍ മാത്രമായിരുന്നു ബന്ധനമുണ്ടായത്. സ്വപ്നം തീര്‍ന്നപ്പോള്‍ അതും തീര്‍ന്നു. ഇതു പോലെ അറിവിലേക്ക് ഉണരുമ്പോള്‍ ഈ ജീവഭാവവും അതുമായി ബന്ധപ്പെട്ട സംസാരവും വെറും തോന്നലായിരുന്നു എന്ന് ബോധ്യമാകും.
ജ്ഞാനം ഉദിക്കുമ്പോള്‍ മോഹം നീങ്ങും. ആത്മജ്ഞാനം വന്നാല്‍ പിന്നെ അജ്ഞാനത്തിന് നിലനില്‍പ്പില്ല. സൂര്യപ്രകാശം വരുമ്പോള്‍ ഇരുട്ട് താനെ നീങ്ങുന്നത് നമുക്ക് അനുഭവമുള്ളതാണല്ലോ.
എന്നാല്‍ ഭ്രാന്തി നിലനില്‍ക്കുന്നിടത്തോളം കാലം അനുഭവപ്പെടുന്നതൊക്കെ സത്യമായി തോന്നും.എന്നാല്‍ അവയ്ക്ക് സത്യത്വമില്ല. ഭ്രാന്തിയില്‍ നിന്ന് ഉണ്ടാകുന്നതിന് ഉണ്മയില്ല. സ്വപ്ന പ്രപഞ്ചത്തില്‍ മാത്രമേ സ്വപ്ന വസ്തുക്കളും അനുഭവവും സത്യമെന്ന് തോന്നിക്കുകയുള്ളൂ. സത്യത്വമില്ലാത്തതിനാല് ഉണര്‍ന്നാല്‍ ഇവ പാടേ നീങ്ങുകയും ചെയ്യും. അതിനാല്‍ ആത്മജ്ഞാനത്തിലേക്ക് ഉണരണം.
ശ്ലോകം 197
യാവദ് ഭ്രാന്തിസ്താവദേവാസ്യ സത്താ
മിഥ്യാജ്ഞാനോജ്ജൃംഭിതസ്യ പ്രമാദാത്
രജ്ജ്വാം സര്‍പ്പോ ഭ്രാന്തി കാലീന ഏവ
ഭ്രാന്തേര്‍നാശേ നൈവ സര്‍പ്പോ/പി തദ്വത്
പ്രമാദം കാരണം മിഥ്യാ ജ്ഞാനത്തില്‍ നിന്ന് പ്രകടമാകുന്ന ജീവഭാവം ഭ്രാന്തിയുള്ള കാലമേ നില നില്ക്കൂ. കയറില്‍ പാമ്പ് എന്ന തെറ്റിദ്ധാരണ ഭ്രാന്തി കാലത്ത് മാത്രമാണ്. ഭ്രമം നീങ്ങിയാല്‍ പിന്നെ പാമ്പില്ല. അതുപോലെയാണിത്.വളരെയധികം അറിയപ്പെടുന്ന മറ്റൊരു ഉദാഹരണത്തിലൂടെയാണ് ഇതിനെ ഇവിടെ മനസ്സിലാക്കിത്തരുന്നത്. അരണ്ട വെളിച്ചത്തിലും മറ്റും കയര്‍ കിടക്കുന്നത് കണ്ട് പാമ്പ് ആണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അത് ഭ്രാന്തിയാണ്. വെളിച്ചം വന്നാല്‍ ആ ഭ്രാന്തി മാറുകയും ചെയ്യും.
പ്രമാദംഎന്നാല് അവിവേകം, പിഴവ് എന്നൊക്കെ അര്‍ത്ഥം. തന്മൂലമുണ്ടാകുന്ന വെറും തോന്നല്‍ മാത്രമാണ് ജീവഭാവം. എത്രകാലം ഈ ഭ്രാന്തി നിലനില്ക്കുന്നുവോ അത്രയും കാലം ജീവഭാവവും ഉണ്ടാകും. അറിവിന്റെ വെളിച്ചം വീണാലേ ബുദ്ധിയിലെ മറ നീങ്ങൂ. അപ്പോള്‍ അവിവേകം ഇല്ലാതാകും, ജീവഭാവം ഒടുങ്ങും. അപ്പോള്‍ ആത്മസ്വരൂപം വെളിപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: